മൂത്രമൊഴിക്കാന്‍ പോലും എഴുന്നേല്‍ക്കാതെ മൊബൈലില്‍ കളി; മൂന്നുവയസുകാരന് കൗണ്‍സിലിങ്, മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ 

കുഞ്ഞ് സ്ഥിരമായി കിടക്കയില്‍ തന്നെ മൂത്രമൊഴിക്കുന്നതിന് ചികിത്സ തേടിയാണ് കുഞ്ഞിനെയും കൂട്ടി മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്
മൂത്രമൊഴിക്കാന്‍ പോലും എഴുന്നേല്‍ക്കാതെ മൊബൈലില്‍ കളി; മൂന്നുവയസുകാരന് കൗണ്‍സിലിങ്, മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ 

ലക്‌നൗ: ജീവിതത്തിന്റെ എല്ലാ തുറകളിലും സാങ്കേതികവിദ്യയുടെ സ്വാധീനം വര്‍ധിച്ചുവരുകയാണ്. സാങ്കേതികവിദ്യയുടെ കടന്നുവരവിനെ ഗുണദോഷ സമ്മിശ്രമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ ഇതിന്റെ വര്‍ധിച്ച തോതിലുളള കടന്നുവരവ് ഏറ്റവുമധികം സ്വാധീനിച്ചിരിക്കുന്നത് കുട്ടികളെയാണ്. ഇതിന്റെ സ്വാധീനം മൂന്നുവയസുമാത്രമുളള കുഞ്ഞിന്റെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ച വാര്‍ത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്.

കേവലം മൂന്ന് വയസുമാത്രമുള്ള കുഞ്ഞിനെ മൊബൈല്‍ ഫോണിന്റെ അടിമത്തം മാറ്റാന്‍ കൗണ്‍സിലിങിന് വിധേയനാക്കിയെന്നത് വിശ്വാസിക്കാനാകുമോ? ഉത്തര്‍പ്രദേശിലെ ബെറേലിയില്‍ നിന്നുമാണ് അത്തരമൊരു വാര്‍ത്ത വരുന്നത്. കുഞ്ഞ് സ്ഥിരമായി കിടക്കയില്‍ തന്നെ മൂത്രമൊഴിക്കുന്നതിന് ചികിത്സ തേടിയാണ് കുഞ്ഞിനെയും കൂട്ടി മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയത്. വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണാണ് കുഞ്ഞിന്റെ രോഗകാരണമെന്ന് തിരിച്ചറിയുകയായിരുന്നു.

എട്ടും ഒമ്പതും മണിക്കൂര്‍ തുടര്‍ച്ചയായിട്ടാണ് മൂന്നുവയസുകാരന്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഫോണ്‍ താഴെ വയ്ക്കാതെ ഒരു നിമിഷം പോലും ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുട്ടി. പ്രിയപ്പെട്ട കാര്‍ട്ടൂണുകളായ ഡൊറേമോനും മോട്ടുപട്ടലുവും കണ്ടിരിക്കുന്ന കുട്ടി മൂത്രമൊഴിക്കാന്‍ പോലും എഴുന്നേല്‍ക്കാറില്ല. മൊബൈല്‍ കണ്ടുകൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് പോലും. 

വീട്ടുജോലികള്‍ ചെയ്യുമ്പോള്‍ കുട്ടി ശല്യപ്പെടുത്താതിരിക്കാന്‍ അമ്മയാണ് മൊബൈല്‍ ഫോണ്‍ നല്‍കി ശീലിപ്പിച്ചത്. അത് പിന്നീട് ഒഴിവാക്കാനാകാത്ത ലഹരിയായി മാറി. കൗണ്‍സിലിങ്ങിന് എത്തിയപ്പോഴും മാതാപിതാക്കള്‍ ഫോണ്‍ നല്‍കുന്നത് വരെ കുട്ടി വാശി തുടര്‍ന്നുവെന്ന് സൈക്കോളജിസ്റ്റ് വ്യക്തമാക്കുന്നത്. ബെറേലി ജില്ലാ ആശുപത്രിയില്‍ സമാനമായ 39 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഏറെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com