സവര്‍ക്കര്‍ തോറ്റു, ഭഗത് സിങ് ജയിച്ചുവെന്ന് കനയ്യ; ആഘോഷം തുടങ്ങി ജെഎന്‍യുവിലെ ഇടത് സഖ്യം

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഇടത് വിദ്യാര്‍ത്ഥി സഖ്യം മുന്നിട്ടുനില്‍ക്കുകയാണ്.
സവര്‍ക്കര്‍ തോറ്റു, ഭഗത് സിങ് ജയിച്ചുവെന്ന് കനയ്യ; ആഘോഷം തുടങ്ങി ജെഎന്‍യുവിലെ ഇടത് സഖ്യം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഇടത് വിദ്യാര്‍ത്ഥി സഖ്യം മുന്നിട്ടുനില്‍ക്കുകയാണ്. നാല് പ്രധാനപ്പെട്ട പോസ്റ്റുകളിലും എസ്എഫ്‌ഐ-എഐഎസ്എഫ്-എഐഎസ്എ സഖ്യമാണ് മുന്നിട്ടുനില്‍ക്കുന്നത്. സെപ്റ്റംബര്‍ 17വരെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കരുത് എന്ന് ഡല്‍ഹി ഹൈക്കോടതി വിധിയുള്ളതിനാല്‍ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ അവസരത്തില്‍ മുന്നിട്ടുനില്‍ക്കുന്ന ഇടത് സഖ്യത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നരിക്കുകയാണ് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍. 'ജെഎന്‍യുവില്‍ ഭഗത് സിങും ഗാന്ധിയും അംബേദ്കറും ജയിച്ചു, ഹെഡ്‌ഗെവറും ഗോല്‍വല്‍ക്കറും സവര്‍ക്കറും തോറ്റു'- അദ്ദേഹം ട്വീറ്റ് ചെയ്തു. 

ഇത് ഒരു കൂട്ടായ്മയുടെ വിജയമല്ലെന്നും ജനാധിപത്യവും സോഷ്യലിസവും പുരോഗമനവും ഉയര്‍ത്തിപ്പിടിക്കുന്നവരുടെ വിജയമാണെന്നും അദ്ദേഹം കുറിച്ചു. 

കോടതി ഉത്തരവ് പ്രകാരം അവസാനത്തെ മൂന്നുറൗണ്ട് വോട്ടെണ്ണലിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി ജെഎന്‍യു പുറത്തുവിട്ടിട്ടില്ല. അവസനാമായി പുറത്തുവന്ന കണക്കുകള്‍ പ്രകാരം എസ്എഫ്‌ഐയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയെഷി ഘോഷ് 2,069ലോട്ടിന് ലീഡ് ചെയ്യുകയാണ്. എബിവിപിയുടെ മനിഷ് ജന്‍ഗിത് 981 വോട്ട് നേടി മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 985 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ സാകേത് മൂണ്‍ 3,028വോട്ട് നേടി ലീഡ് ചെയ്യുന്നു. എബിവിപി സ്ഥാനാര്‍ത്ഥി ശ്രുതി അഗ്‌നിഹോത്രി 1,165വോട്ടുമായി ഏറെ പിന്നിലാണ്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ സതീഷ് ചന്ദ്ര യാദവ് 2,228വോട്ടിന് മുന്നില്‍ നില്‍ക്കുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഇടത് സഖ്യത്തിന്റെ എംഡി ഡാനീഷ് 2,938വോട്ടിന് ലീഡ് ചെയ്യുന്നു.കൗണ്‍സിലര്‍ സ്ഥാനത്തങ്ങളിലേക്ക് മത്സരിക്കാന്‍ തങ്ങളുടെ നോമിനേഷന്‍ സ്വീകരിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പ്രഖ്യാപിക്കരുതെന്ന് കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍ 17ന് മുമ്പ് പ്രഖ്യാപിക്കരുത് എന്നാണ് ഉത്തരവ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com