കണക്ക് കൊണ്ടല്ല ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ; നാക്കുപിഴയില്‍ കുരുങ്ങി പീയുഷ് ഗോയല്‍, സാമ്പത്തിക പ്രതിസന്ധിയില്‍ വീണ്ടും വിചിത്ര വാദങ്ങള്‍ 

ഒരു ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പീയുഷ് ഗോയലിന്റെ വിവാദ പരാമര്‍ശം
കണക്ക് കൊണ്ടല്ല ഐന്‍സ്റ്റീന്‍ ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ; നാക്കുപിഴയില്‍ കുരുങ്ങി പീയുഷ് ഗോയല്‍, സാമ്പത്തിക പ്രതിസന്ധിയില്‍ വീണ്ടും വിചിത്ര വാദങ്ങള്‍ 

ന്യൂഡല്‍ഹി: ഊബര്‍, ഒല പരാമര്‍ശത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വിവാദത്തില്‍ അകപ്പെട്ടതിന് പിന്നാലെ മറ്റൊരു മന്ത്രിയും അതേവഴിക്ക്. രാജ്യത്തിന്റെ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ നടത്തുന്ന പ്രസ്താവനകള്‍ ഒന്നിന് പിറകേ ഒന്നായി വിവാദങ്ങളാകുകയാണ്.ഊബര്‍, ഒല തുടങ്ങിയ ഒാണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ യുവാക്കള്‍ ഉപയോഗിക്കുന്നതാണ് വാഹനമേഖലയിലെ പ്രതിസന്ധിക്ക് ഒരു കാരണമെന്ന നിര്‍മല സീതാരാന്റെ വാക്കുകളാണ് ഇന്നലെ സോഷ്യല്‍മീഡിയ ഏറ്റെടുത്തത്. സാമ്പത്തികരംഗത്തെ കുഴപ്പങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ, പ്രമുഖ ശാസ്ത്രജ്ഞന്‍ ഐന്‍സ്റ്റീനെ കൂട്ടുപിടിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

ഒരു ബോര്‍ഡ് മീറ്റിങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് പീയുഷ് ഗോയലിന്റെ വിവാദ പരാമര്‍ശം.ഗുരുത്വാകര്‍ഷണം കണ്ടെത്താന്‍ ഐന്‍സ്റ്റീനെ കണക്ക് സഹായിച്ചില്ലെന്ന പീയുഷ് ഗോയലിന്റെ പരാമര്‍ശമാണ് വിവാദമായത്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് പീയുഷ് ഗോയലിന്റെ പ്രസ്താവന. സാമ്പത്തിക കുഴപ്പങ്ങളില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാനുളള ശ്രമത്തിനിടെ, മന്ത്രിക്ക് നാക്കുപിഴ സംഭവിക്കുകയായിരുന്നു. ഗുരുത്വാകര്‍ഷണ ബലം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടണാണ്.

ഭാവിയില്‍ ഇന്ത്യ അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. ഇതിനെ പ്രതിരോധിച്ച് കൊണ്ട് പീയുഷ് ഗോയല്‍ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. നിലവിലെ  വളര്‍ച്ചാ നിരക്ക് അനുമാനങ്ങളെ അടിസ്ഥാനമാക്കി എങ്ങനെ ഭാവിയില്‍ അഞ്ചുലക്ഷം കോടി ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന ചോദ്യങ്ങള്‍ നിരവധി കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഈ കണക്കുകളെ കാര്യമാക്കേണ്ട എന്ന് പറഞ്ഞു വെയ്ക്കാന്‍ ഐന്‍സ്റ്റീനെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുകയായിരുന്നു പീയുഷ് ഗോയല്‍.

'ടെലിവിഷനില്‍ നിങ്ങല്‍ കാണുന്ന കണക്കുകളില്‍ വിശ്വസിക്കരുത്. ഗുരുത്വാകര്‍ഷണം കണ്ടുപിടിക്കുന്നതില്‍ കണക്ക് ഐന്‍സ്റ്റീനെ ഒരു വിധത്തിലും സഹായിച്ചില്ല.ഐന്‍സ്റ്റീന്‍ സാമ്പ്രദായിക രീതിയില്‍ സമവാക്യങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് നീങ്ങിയിരുന്നതെങ്കില്‍ എന്താകും സംഭവിക്കുക. ലോകത്ത് ഒരു കണ്ടുപിടിത്തവും ഉണ്ടാകുമായിരുന്നില്ല' - പീയുഷ് ഗോയല്‍ പറഞ്ഞു.അതേസമയം പ്രസ്താവന വിവാദമായതോടെ, പീയുഷ് ഗോയല്‍ വിശദീകരണവുമായി രംഗത്തുവന്നു. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പീയുഷ് ഗോയല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com