ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യത ; സമൂഹ മാധ്യമങ്ങളില്‍ മാത്രം സജീവമായിരുന്നാല്‍ പോരെന്നും സോണിയാഗാന്ധി

പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന അജണ്ടകള്‍ കോണ്‍ഗ്രസിന് നിര്‍ബന്ധമായും ഉണ്ടായിരിക്കണം
ജനകീയ അടിത്തറയില്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യത ; സമൂഹ മാധ്യമങ്ങളില്‍ മാത്രം സജീവമായിരുന്നാല്‍ പോരെന്നും സോണിയാഗാന്ധി

ന്യൂഡല്‍ഹി : ജനകീയ അടിത്തറ ഇല്ലാത്ത നേതാക്കള്‍ പാര്‍ട്ടിക്ക് ബാധ്യതയായി മാറുന്നവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. നേതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ മാത്രം സജീവമായിരുന്നാല്‍ പോര. തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കാനും നേതാക്കള്‍ക്ക് സാധിക്കണം. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ. 

പാര്‍ട്ടി ഏറെ മെച്ചപ്പെടാനുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേണ്ടത് ഇപ്പോള്‍ ഏറെ പ്രധാനമാണ്. പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന അജണ്ടകള്‍ കോണ്‍ഗ്രസിന് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. സാമ്പത്തിക സ്ഥിതി വളരെ ഭീകരമായ അവസ്ഥയിലാണ്. നഷ്ടം പെരുകുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ജനാധിപത്യവും അപകടത്തിലാണ്. ഏറ്റവും അപകടകരമായ രീതിയിലാണ് ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നത്. 

മഹാത്മാഗാന്ധി, പട്ടേല്‍, അംബേദ്കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും സോണിയ പറഞ്ഞു. സംഘടനാ സംവിധാനം ശക്തിപ്പെടുത്താന്‍ പ്രേരക്മാരെ നിയമിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. അഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്ന ഓരോ ഡിവിഷനിലും മൂന്ന് വീതം പ്രേരക്മാര്‍ ഉണ്ടാകും. ദളിത്, പിന്നാക്ക, സ്ത്രീ വിഭാഗക്കാരുടെ പ്രാതിനിധ്യം പ്രേരക്മാരില്‍ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com