സര്‍ക്കാര്‍ പദ്ധതിയുടെ വൃക്ഷത്തൈകള്‍ തിന്നു; ആടുകളെ പൊലീസ് പൊക്കി!

തെലങ്കാന സര്‍ക്കാരിന്റെ ഹരിത ഹരം പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച തൈകളാണ് ഈ ആടുകള്‍ തിന്നത്
സര്‍ക്കാര്‍ പദ്ധതിയുടെ വൃക്ഷത്തൈകള്‍ തിന്നു; ആടുകളെ പൊലീസ് പൊക്കി!

കരിംനഗര്‍: വിശന്നപ്പോള്‍ ബദാം വൃക്ഷത്തൈകള്‍ തിന്ന രണ്ട് ആടുകള്‍ക്ക് ഒരു ദിവസം മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടി വന്നു! തെലങ്കാന സര്‍ക്കാരിന്റെ ഹരിത ഹരം പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിച്ച തൈകളാണ് ഈ ആടുകള്‍ തിന്നത്. ഹുസുരബാദ് മുന്‍സിപ്പാലിറ്റിയിലാണ് സംഭവം അരങ്ങേറിയത്. 

തങ്ങള്‍ വച്ചു പിടിപ്പിച്ച വൃക്ഷത്തൈകള്‍ ആടുകള്‍ തിന്ന് നശിപ്പിക്കുന്നതായി ഹരിത ഹരം പദ്ധതിയുടെ പ്രവര്‍ത്തകര്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. സംഭവങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ നിരന്തരം പരാതികള്‍ പൊലീസിന് ലഭിക്കാന്‍ തുടങ്ങി. അതിനിടെയാണ് ഹുസുരബാദില്‍ വച്ച് രണ്ട് ആടുകളെ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ആടുകളെ കസ്റ്റഡിയിലെടുത്ത പൊലീസ് ഇവയെ സ്റ്റേഷന്‍ പരിസരത്ത് കെട്ടിയിട്ടു. ഉടമസ്ഥനായ ധര്‍ണകൊണ്ട രാജയ്യ സ്റ്റേഷനിലെത്തി 1000 രൂപ പിഴ അടച്ചതോടെയാണ് ആടുകളെ വിട്ടയച്ചതെന്ന് ഹുസുരബാദ് സിഐ ജി മാധവി വ്യക്തമാക്കി. ആടുകളെ പുറത്ത് അലക്ഷ്യമായി മേയാന്‍ വിടരുതെന്ന് ഉടമസ്ഥന് താക്കീത് നല്‍തകിയതായും മാധവി പറഞ്ഞു. 

പദ്ധതിയുടെ ഭാഗമായി 980ഓളം വൃക്ഷത്തൈകള്‍ തങ്ങള്‍ വച്ചു പിടിപ്പിച്ചതായി പ്രവര്‍ത്തര്‍ പറയുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, പൊലീസ് സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് തൈകള്‍ നട്ടത്. സ്വന്തം കൈയില്‍ നിന്ന് പണം മുടക്കിയും മറ്റുമാണ് തൈകള്‍ സംരക്ഷിക്കുന്നത്. അതിനിടെയാണ് ആടുകള്‍ തലവേദനയായി മാറിയതെന്നും പ്രവര്‍ത്തകരിലൊരാളായ ക്യാസ വിക്രാന്ത് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com