വീണ്ടും തിരിച്ചടി; കീഴടങ്ങല്‍ അപേക്ഷ തള്ളി, ചിദംബരം തിഹാര്‍ ജയിലില്‍ തുടരണം

ഐഎന്‍എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന, മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അപേക്ഷ കോടതി തള്ളി
വീണ്ടും തിരിച്ചടി; കീഴടങ്ങല്‍ അപേക്ഷ തള്ളി, ചിദംബരം തിഹാര്‍ ജയിലില്‍ തുടരണം

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന, മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ അപേക്ഷ കോടതി തള്ളി. ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന എന്‍ഫോഴ്‌സമെന്റിന്റെ വാദം അംഗീകരിച്ചാണ് നടപടി. ഇതോടെ സിബിഐ അന്വേഷിക്കുന്ന ഐഎന്‍എക്‌സ് അഴിമതി കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ചിദംബരം തിഹാര്‍ ജയിലില്‍ തുടരേണ്ടി വരും.

ഐഎന്‍എക്‌സ് മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും ഉചിതമായ സമയത്ത് അതു ചെയ്യുമെന്നും കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സമെന്റ് കോടതിയെ അറിയിച്ചിരുന്നു. 

ചിദംബരം ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതുകൊണ്ട് തെളിവു നശിപ്പിക്കാന്‍ സാധ്യതയില്ലെന്ന് എന്‍ഫോഴ്‌സമെന്റ് പറഞ്ഞു. അതുകൊണ്ട് ചിദംബരത്തെ ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു.

ചിദംബരത്തെ തിഹാര്‍ ജയിലില്‍ തന്നെ താമസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ഫോഴ്‌സമെന്റ് ഇത്തരമൊരു നിലപാടെടുക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ചിദംബരത്തെ ദുരിതത്തിലാക്കുകയാണ് അവരുടെ ലക്ഷ്യം. നേരത്തെ ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ വീട്ടില്‍ എത്തിയതാണ് എന്‍ഫോഴ്‌സമെന്റ്. ഇപ്പോള്‍ കസ്റ്റഡിയില്‍ വേണ്ടെന്നു പറയുന്നതിന്റെ ഉദ്ദേശ്യം ചിദംബരം ജയിയില്‍ തുടരട്ടെ എന്നു മാത്രമാണെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. 

ചിദംബരത്തെ ചോദ്യം ചെയ്യുന്നതിനു മുമ്പായി ചില കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ഇതിനായി ആറു പേരെ ചോദ്യം ചെയ്യണം. അതിനാലാണ് ഇപ്പോള്‍ ചിദംബരത്തിന്റെ കസ്റ്റഡി ആവശ്യമില്ലെന്ന് അറിയിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com