പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേത്, ഒരുദിവസം നമ്മുടെ നിയന്ത്രണത്തിലാകും: വിദേശകാര്യമന്ത്രി 

പാക് അധിനിവേശ കശ്മീരിനെപ്പറ്റിയുള്ള തങ്ങളുടെ നിലപാട് ഇപ്പോഴും എപ്പോഴും വ്യക്തമാണ്
പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടേത്, ഒരുദിവസം നമ്മുടെ നിയന്ത്രണത്തിലാകും: വിദേശകാര്യമന്ത്രി 

ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഒരു ദിവസം പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

പാക് അധിനിവേശ കശ്മീരിനെപ്പറ്റിയുള്ള തങ്ങളുടെ നിലപാട് ഇപ്പോഴും എപ്പോഴും വ്യക്തമാണ്. പാക് അധിനിവേശ കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. പ്രദേശം ഇന്ത്യയുടെ നിയന്ത്രണത്തില്‍ വരുന്ന ഒരു ദിവസം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടാം മോദി സര്‍ക്കാര്‍ 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. 

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകളില്‍ ചിലത് റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തരകാര്യമാണ്. അയല്‍രാജ്യത്ത് നിന്നും അതിര്‍ത്തി കടന്നുളള ഭീകരത അവസാനിപ്പിക്കുന്ന കാര്യം മാത്രമാണ് പാകിസ്ഥാനുമായി ചര്‍ച്ച ചെയ്യേണ്ടതെന്നും ജയശങ്കര്‍ പറഞ്ഞു. പാകിസ്ഥാനില്‍ നിന്നുള്ള ഭീകരതയാണ് പ്രധാന പ്രശ്‌നം. ലോകത്ത് ഏതെങ്കിലും രാജ്യം അയല്‍രാജ്യത്തിനെതിരെ ഭീകരതയെ നയമായി സ്വീകരിച്ചിട്ടുണ്ടോയെന്നും ജയശങ്കര്‍ ചോദിച്ചു. 

കശ്മീരിനെപ്പറ്റിയല്ല ഇനി പാക് അധിനിവേശ കശ്മീരിനെപ്പറ്റി മാത്രമേ പാകിസ്ഥാനുമായി ചര്‍ച്ച നടത്തുകയുള്ളുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും മുമ്പ് പ്രസ്താവനകള്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രിയുടെ പരാമര്‍ശവും വന്നിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com