'മുറിയിലേക്ക് വാ, ശരിക്കുള്ള എന്നെ കാട്ടിത്തരാം'; ബാബുല്‍ സുപ്രിയോ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി, ആരോപണവുമായി വിദ്യാര്‍ത്ഥികള്‍

'മുറിയിലേക്ക് വാ, ശരിക്കുള്ള എന്നെ കാട്ടിത്തരാം'; ബാബുല്‍ സുപ്രിയോ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി, ആരോപണവുമായി വിദ്യാര്‍ത്ഥികള്‍

എന്നാല്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ മന്ത്രി പെണ്‍കുട്ടികളോടടക്കം അപമര്യാദയായി പെരുമാറി എന്നാണ് ആരോപിക്കുന്നത്. 

ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇടത് വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകര്‍ തന്നെ അക്രമിച്ചുവെന്നും തടഞ്ഞുവെച്ചുവെന്നുമാണ് കേന്ദ്ര വനം,പരിസ്ഥിതി മന്ത്രി ബാബുല്‍ സുപ്രിയോ ആരോപിക്കുന്നത്. വിദ്യാര്‍ത്ഥികളല്ലാത്ത നക്‌സലേറ്റുകള്‍ തന്റെ മുടിയില്‍ പിടിച്ചു വലിക്കുകയും അക്രമിക്കുകയും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുകയും ചെയ്തുവെന്നും മന്ത്രി ആരോപിക്കുന്നു. എന്നാല്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ മന്ത്രി പെണ്‍കുട്ടികളോടടക്കം അപമര്യാദയായി പെരുമാറി എന്നാണ് ആരോപിക്കുന്നത്. 

'ഫാസിസ്റ്റ് സര്‍ക്കാരിന് എതിരായ പ്രതിഷേഷത്തിന്റെ ഭാഗമായി മന്ത്രിയെ കരിങ്കൊടി കാണിക്കുക എന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം. ഒരിക്കലും പ്രതിഷേധം അക്രമാസക്തമാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല'.- ഡിപാര്‍ട്‌മെന്റ് ഓഫ് ഫിലിം സ്റ്റഡീസ് പിജി വിദ്യാര്‍ത്ഥിയായ ദേബ്‌രാജ് കോലെ പറയുന്നു.

'മാധ്യമങ്ങളെ കണ്ടപ്പോള്‍ മന്ത്രി സര്‍ക്കസ് കാട്ടാന്‍ തുടങ്ങി. വിദ്യാര്‍ത്ഥികളെ തള്ളി മാറ്റി. പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ തിരിഞ്ഞു. സമരത്തിന് മുന്‍വരിയില്‍ പെണ്‍കുട്ടികളുണ്ടെന്ന് പോലും അവര്‍ നോക്കിയില്ല. 

മന്ത്രി പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറി. എന്തിനാണ് ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്നും എന്തിനാണ് അവര്‍ ക്യാമ്പസില്‍ വരുന്നതെന്നും മന്ത്രി ചോദിച്ചു. തന്റെ റൂമിലേക്ക് വരാനും താന്‍ ശരിക്കും ആരാണെന്ന് കാട്ടിത്തരാമെന്നും മന്ത്രി ഒരു വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു'.-ദേബ്‌രാജ് പറഞ്ഞു. 

തന്നെ തടഞ്ഞുവച്ച വിദ്യാര്‍ത്ഥികള്‍ നക്‌സലേറ്റുകളാണെന്ന് ആരോപിച്ച് ബാബുല്‍ സുപ്രിയോ നേരത്തെ രംഗത്ത് വന്നിരുന്നു. അക്രമിച്ച നക്‌സലേറ്റുകളെ കണ്ടെത്താന്‍ ആഹ്വാനം ചെയ്ത് സുപ്രിയോ, ട്വിറ്ററിലൂടെ വീഡിയോകളും ഷെയര്‍ ചെയ്തിരുന്നു. 

തന്നെ അക്രമിച്ച വിദ്യാര്‍ത്ഥികള്‍ നെഞ്ചുറപ്പില്ലാത്തവരും തെരുവ് തെമ്മാടികളുമാണെന്നും മന്ത്രി പറഞ്ഞു. 'ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയുടെ പേര് ചീത്തയാക്കാന്‍ ഈ ഭീരുക്കളെ അനുവദിക്കില്ല. നിങ്ങള്‍ ഉടനെ കണ്ടുപിടിക്കപ്പെടും, പക്ഷേ നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങളെന്നോട് കാട്ടിയത് പോലെ ഞങ്ങള്‍ പെരുമാറില്ല. നിങ്ങള്‍ക്ക് മാനസ്സിക ചികിത്സ നല്‍കും. എന്നാലെ നിങ്ങളും നിങ്ങളുടെ തെമ്മാടികളായ സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളെപ്പോലെ പെരുമാറുള്ളു'വെന്നും സുപ്രിയോ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com