മോദി 'ഷോമാന്‍', വിളക്ക് കൊളുത്തല്‍ ആഹ്വാനത്തിനെതിരെ തരൂര്‍; 'ദുരന്തകാലത്തെ' പ്രഹസനമെന്ന് രാമചന്ദ്ര ഗുഹ

ജനങ്ങളുടെ ബുദ്ധിമുട്ട് എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം പോലും മോദി വീഡിയോയില്‍ പറയുന്നില്ലെന്ന് ശശി തരൂര്‍
മോദി 'ഷോമാന്‍', വിളക്ക് കൊളുത്തല്‍ ആഹ്വാനത്തിനെതിരെ തരൂര്‍; 'ദുരന്തകാലത്തെ' പ്രഹസനമെന്ന് രാമചന്ദ്ര ഗുഹ

ന്യൂഡല്‍ഹി: ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ ആഹ്വാനം ചെയ്തുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശിതരൂരും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും.  ജനങ്ങളുടെ ബുദ്ധിമുട്ട് എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം പോലും മോദി വീഡിയോയില്‍ പറയുന്നില്ലെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം പോലും പറയുന്നില്ല. ഇതൊന്നും പറയാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്.ലോക്ക്ഡൗണിന് ശേഷമുള്ള പ്രശ്‌നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവികാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോഓപ് പ്രധാനമന്ത്രി എല്ലാ കാര്യങ്ങളും ഭംഗിയായി മുന്നോട്ടുപോകുന്നു എന്ന പ്രതീതി ജനിപ്പിക്കുക മാത്രമാണ് ഉണ്ടായത്'- തരൂര്‍ ട്വീറ്റില്‍ കുറിച്ചു.പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമെന്നാണ് രാമചന്ദ്ര ഗുഹ പരോക്ഷമായി വിശേഷിപ്പിച്ചിരിക്കുന്നത്. ഇവന്റ് മാനേജ്‌മെന്റ് 9.0 എന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്.

'ഇവന്റ് മാനേജ്‌മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി.   ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍, ദുരന്തനേരത്ത് നമ്മള്‍ പ്രഹസനം നേരിടുകയാണ്'-ഗുഹ ട്വിറ്ററില്‍ കുറിച്ചു. മാനവികത, ശാസ്ത്രബോധം വളര്‍ത്തല്‍ തുടങ്ങി പരിഷ്‌കരണ സമൂഹം സ്വീകരിക്കേണ്ട തത്വങ്ങളാണ് ഭരണഘടനയില്‍ പൗരന്റെ അടിസ്ഥാന കര്‍ത്തവ്യങ്ങളായി പറഞ്ഞിട്ടുളളത്. എന്നാല്‍ ജ്യോതിഷത്തെയും അന്ധവിശ്വാസത്തെയും പ്രോത്സാഹിപ്പിക്കാനാണ് നിര്‍ദേശിക്കുന്നതെന്നും ഗുഹ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com