'മരിക്കുന്നതിന് മുൻപ് അച്ഛനെ ഒരു നോക്ക് കാണണം'; യുവാവ് സൈക്കിൾ ചവിട്ടിയത് 2100 കിലോമീറ്റർ

'മരിക്കുന്നതിന് മുൻപ് അച്ഛനെ ഒരു നോക്ക് കാണണം'; യുവാവ് സൈക്കിൾ ചവിട്ടിയത് 2100 കിലോമീറ്റർ
'മരിക്കുന്നതിന് മുൻപ് അച്ഛനെ ഒരു നോക്ക് കാണണം'; യുവാവ് സൈക്കിൾ ചവിട്ടിയത് 2100 കിലോമീറ്റർ

മുംബൈ: രോഗ ബാധിതനായ അച്ഛനെ കാണാന്‍ മുംബൈയില്‍ നിന്ന് കശ്മീരിലേക്ക് സൈക്കിളില്‍ യാത്ര തിരിച്ച് യുവാവ്. ലോക്ക്ഡൗണിനെ തുടർന്നാണ് യുവാവ് 2100 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയത്. മുംബൈ ബാദ്ര ദക്ഷിണ മേഖലയിലെ ലിബ്ര ടവറിലെ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന മുഹമ്മദ് ആരിഫാണ് അച്ഛനെ അവസാനമായി ഒരു നോക്കു കാണാന്‍ സൈക്കിളുമായി യാത്ര തിരിച്ചത്. 

അച്ഛന് സ്‌ട്രോക്ക് വന്നുവെന്നും ഗുരുതരാവസ്ഥയിലാണെന്നും അറിയിച്ചുകൊണ്ടുളള ഫോണ്‍ സന്ദേശം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആരിഫിനെ തേടിയെത്തിയത്. അച്ഛന്റെ നില മോശമാണെന്നറിഞ്ഞതോടെ എങ്ങനെയെങ്കിലും നാട്ടിലെത്തി അച്ഛനെ കാണണമെന്നായി ആരിഫിന്. നാട്ടിലേക്ക് മടങ്ങാന്‍ മാര്‍ഗങ്ങള്‍ ഒരുപാട് അന്വേഷിച്ചെങ്കിലും ലോക്ക്ഡൗണായതിനാല്‍ ഒന്നും സാധിച്ചില്ല. 

'ഞാന്‍ സഹായത്തിനു വേണ്ടി കുറേ അലഞ്ഞു, പക്ഷേ ആരുമുണ്ടായിരുന്നില്ല. ഒടുവില്‍ 500 രൂപ കൊടുത്ത് സഹ പ്രവര്‍ത്തകനില്‍ നിന്ന് ഈ സൈക്കിള്‍ ഞാന്‍ വാങ്ങി. എനിക്കെന്തായാലും എന്റെ അച്ഛനെ കണ്ടേ പറ്റൂ. അതിപ്പോള്‍ വീടു വരെ സൈക്കിള്‍ ചവിട്ടേണ്ടി വന്നാലും.' - ആരിഫ് പറയുന്നു. അച്ഛന്റെ കണ്ണടയുന്നതിന് മുമ്പ് ഒരു തവണ കാണണം. അപ്പോഴേക്കും വീട്ടിലെത്തണമെന്നുമാത്രമായിരുന്നു ആരിഫിന്റെ ആഗ്രഹം 

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ മുംബൈയില്‍ നിന്ന് ആരിഫ് യാത്ര തിരിച്ചു. വഴിയില്‍ പലയിടത്തും പൊലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു നിര്‍ത്തി. അവരോടെല്ലാവരോടും ആരിഫ് തന്റെ ബുദ്ധിമുട്ട് പറഞ്ഞെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ സഹായിക്കാന്‍ തയ്യാറായില്ലെന്ന് ആരിഫ് പറയുന്നു. എന്നാല്‍ യാത്ര തുടരുന്നതില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥരാരും ആരിഫിനെ വിലക്കിയില്ല. 

'അവിടെ അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ ആരുമില്ല. എനിക്ക് സഹോദരനോ സഹോദരിയോ ഇല്ല. 800 രൂപയും കുറച്ച് വെള്ളവുമായാണ് ഞാന്‍ മുംബൈയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. എന്റെ ഫോണിലും ചാര്‍ജില്ല. ഞാന്‍ വഴിയരികില്‍ കിടന്നുറങ്ങി രാവിലെ എഴുന്നേറ്റ് വീണ്ടും യാത്ര തുടരും. ലോക്ക്ഡൗണ്‍ ആയതിനാല്‍ ഭക്ഷണത്തിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഏതെങ്കിലും പെട്രോള്‍ പമ്പില്‍ നിര്‍ത്തി ഫോണ്‍ ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വിളിച്ച് അച്ഛന്റെ ആരോഗ്യ വിവരം തിരക്കണം'- ആരിഫ് പറയുന്നു.

രജൗരിയിലെ വേര്‍ ഭ്രമ്‌ന ഗ്രാമത്തിലാണ് ആരിഫിന്റെ വീട്. ആരിഫിന്റെ ഭാര്യയും മക്കളും അച്ഛനൊപ്പം അവിടെയാണ് താമസം. 28 ദിവസം മുമ്പാണ് മുംബൈയില്‍ ജോലി ലഭിച്ചത്. ആരിഫിന്റെ യാത്ര വാര്‍ത്തയായതോടെ ജമ്മു കശ്മീര്‍ അധികൃതരുമായി ഒരു ദേശീയ മാധ്യമം സംസാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ആരിഫിനെ സഹായിക്കാമെന്ന് അവര്‍ ഉറപ്പു നല്‍കി.

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുശാസിക്കുന്നത് ഒരാള്‍ എവിടെയാണോ അവിടെത്തന്നെ തുടരുക എന്നാണ്. എന്നാല്‍ ആരിഫിന്റെ കേസ് കുറച്ച് വ്യത്യസ്തമായതിനാലാണ് ആരിഫിനെ യാത്ര ചെയ്യാന്‍ അനുവദിച്ചത്. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയവും ആരിഫിന്റെ ലൊക്കേഷന്‍ കണ്ടെത്തി ആവശ്യമായ സഹായം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com