കേരളത്തിന് സ്വന്തം നിലയ്ക്ക് ഹോട്ട്‌സ്‌പോട്ടുകള്‍ മാറ്റാനാവില്ലെന്ന് കേന്ദ്രം

കേരളം നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ചതെന്ന് ആരോഗ്യമന്ത്രാലയം
കേരളത്തിന് സ്വന്തം നിലയ്ക്ക് ഹോട്ട്‌സ്‌പോട്ടുകള്‍ മാറ്റാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച ഹോട്ട്‌സ്‌പോട്ടുകള്‍ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നേരത്തെ കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട്‌സ്‌പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച് സോണിലും ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന് സംസ്ഥാന മന്ത്രിസഭായോഗം കേരളത്തിലെ രോഗബാധിത പ്രദേശങ്ങളെ മേഖല അടിസ്ഥാനത്തില്‍ തരംതിരിക്കാന്‍ തീരുമാനിച്ചിരുന്നു.

കാസ!ര്‍കോട്, കണ്ണൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകളെ അതീതീവ്രമേഖലയായും (റെഡ് സോണ്‍), വയനാട്, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണായും, മറ്റു ജില്ലകളെ ഓറഞ്ച് സോണായുമാണ് സംസ്ഥാന സര്‍ക്കാര്‍ തരംതിരിച്ചത്. ഈ നിര്‍ദേശം അംഗീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട്  ആവശ്യപ്പെടാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

എന്നാല്‍ രോഗബാധിത മേഖലകളെ സംസ്ഥാനത്തിന് സ്വന്തം നിലയില്‍ തരംതിരിക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ജില്ലകളെ വേണമെങ്കില്‍ കേരളത്തിന് ഹോട്ട്‌സ്‌പോട്ടുകളുടെ കൂട്ടത്തില്‍ വര്‍ദ്ധിപ്പിക്കാം. ഹോട്ട്‌സ്‌പോട്ടില്‍ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നല്‍കിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ടുകള്‍ നിശ്ചയിച്ചതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 941 പുതിയ കേസുകള്‍. രോഗബാധിതരായ 37 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 12,380 ആയി ഉയര്‍ന്നു. ഇതില്‍ 489 പേര്‍ക്ക് രോഗം ഭേദമായി. 414 ആണ് മരണസംഖ്യ.

രാജ്യത്തെ 325 ജില്ലകളില്‍ ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ ഫീല്‍ഡ് ഓഫീസര്‍മാരുമായി ആരോഗ്യമന്ത്രിയും ബന്ധപ്പെട്ടവരും കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. കോവിഡ് 19 റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ട ക്ലസ്റ്ററുകള്‍ക്കായുള്ള മൈക്രോപ്ലാന്‍ ചര്‍ച്ച ചെയ്തു.

ലോകാരോഗ്യ സംഘടനയുടെ ദേശീയ പോളിയോ നിരീക്ഷണ ശൃംഖല ടീമിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട്  നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി ഒരു കര്‍മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ലവ് അഗര്‍വാള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com