മദ്യം വില്‍ക്കാന്‍ അനുവദിക്കണം; ഇല്ലെങ്കില്‍ സംസ്ഥാനം പാപ്പരാകും;  കേന്ദ്രത്തോട് പഞ്ചാബ്

മദ്യം വില്‍ക്കാന്‍ അനുവദിക്കണം; ഇല്ലെങ്കില്‍ സംസ്ഥാനം പാപ്പരാകും;  കേന്ദ്രത്തോട് പഞ്ചാബ്

സാമൂഹിക അകലവും കര്‍ശനമായ നിയന്ത്രണ നടപടികളും പാലിച്ചുകൊണ്ട് ചില പ്രദേശങ്ങളില്‍ ഘട്ടം ഘട്ടമായി മദ്യം വില്‍ക്കാന്‍ അനുവദിക്കണം

ചണ്ഡീഗഢ്: മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. മദ്യഷോപ്പുകള്‍ തുറക്കാനുള്ള പഞ്ചാബ് സര്‍ക്കാരിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നു. ഇതിനു പിന്നാലെ ഇക്കാര്യം കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യാശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് അനുമതി തേടിക്കൊണ്ടുള്ള പഞ്ചാബ് സര്‍ക്കാരിന്റെ അപേക്ഷ വ്യാഴാഴ്ച കേന്ദ്രസര്‍ക്കാര്‍ നിരസിച്ചിരുന്നു. ഏപ്രില്‍ 15ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ മദ്യം, ഗുഡ്ക, പുകയില എന്നിവയുടെ വില്പന കര്‍ശനമായി നിരോധിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും ഇതിനെ മറികടക്കാന്‍ മദ്യവില്പന അനുവദിക്കണമെന്നുമാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ആവശ്യം. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് വിഹിതം ലഭിച്ചില്ലെന്ന് ആരോപിച്ച മുഖ്യമന്ത്രി, മദ്യവില്പന നടത്തുന്നതിന് കേന്ദ്രം അനുമതി നല്‍കിയില്ലെന്നും ഇതോടെ സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ നഷ്ടം 6200 കോടിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഇതിന് നഷ്ടപരിഹാരം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ് അമരീന്ദര്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തിങ്കളാഴ്ച നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ മദ്യവില്പനശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം വീണ്ടും ഉന്നയിക്കുമെന്നും സിങ് വ്യക്തമാക്കി. പഞ്ചാബ് ഒരു ചെറിയ സംസ്ഥാനമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി ജിഎസ്ടിയും മദ്യവില്പനയുമില്ലാതെ നിലവിലെ പ്രതിസന്ധിയെ പഞ്ചാബ് എങ്ങനെ മറികടക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ചോദിച്ചു.

ഏപ്രില്‍ 21ന് എക്‌സൈസ് വരുമാനം സമാഹരിക്കുന്നതിനായി സംസ്ഥാനത്ത് മദ്യവില്പന അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സാമൂഹിക അകലവും കര്‍ശനമായ നിയന്ത്രണ നടപടികളും പാലിച്ചുകൊണ്ട് ചില പ്രദേശങ്ങളില്‍ ഘട്ടം ഘട്ടമായി മദ്യം വില്‍ക്കാന്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com