ചീഫ് ജസ്റ്റിസാകാന്‍ താണ്ടുന്നത് 2000 കിലോമീറ്റര്‍ ; ലോക്ക്ഡൗണിനിടെ രണ്ടു ജഡ്ജിമാരുടെ 'നോണ്‍ സ്‌റ്റോപ്പ്' കാര്‍ യാത്ര

വ്യോമ റെയില്‍ ഗതാഗതങ്ങള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് രണ്ട് ജഡ്ജിമാര്‍ കാറില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്നത്
ചീഫ് ജസ്റ്റിസാകാന്‍ താണ്ടുന്നത് 2000 കിലോമീറ്റര്‍ ; ലോക്ക്ഡൗണിനിടെ രണ്ടു ജഡ്ജിമാരുടെ 'നോണ്‍ സ്‌റ്റോപ്പ്' കാര്‍ യാത്ര

ന്യൂഡല്‍ഹി :  ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ രണ്ടു ജഡ്ജിമാര്‍ താണ്ടുന്നത് 2000 ലേറെ കിലോമീറ്റര്‍ ദൂരം. രാജ്യം ലോക്ക്ഡൗണിലായി,  വ്യോമ റെയില്‍ ഗതാഗതങ്ങള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ രണ്ട് ജഡ്ജിമാര്‍ കാറില്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യുന്നത്.

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ദീപാങ്കര്‍ ദത്തയാണ് ബോംബേ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതല ഏറ്റെടുക്കാന്‍ കാറില്‍ യാത്ര തുടങ്ങിയത്. മകനൊപ്പമാണ് ജസ്റ്റിസ് ദത്ത കൊല്‍ത്തത്തയില്‍ നിന്ന് മുംബൈയിലേയ്ക്ക് യാത്ര തിരിച്ചത്. ശനിയാഴ്ച പുറപ്പെട്ട ജസ്റ്റിസ് ദത്ത തിങ്കളാഴ്ച ഉച്ചയോടെ മുംബൈയില്‍ എത്തിച്ചേരും.

അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബിശ്വനാഥ് സോമാദര്‍ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാനാണ് ഷില്ലോംഗിലേക്ക് പുറപ്പെട്ടത്. കൊല്‍ക്കത്ത വഴിയാണ് ഇദ്ദേഹം ഷില്ലോങ്ങിലേക്ക് പോകുന്നത്. അലഹബാദിലേക്ക് മാറ്റുന്നതിനുമുമ്പ് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം വെള്ളിയാഴ്ച വൈകുന്നേരമാണ് ഭാര്യയോടൊപ്പം ഔദ്യോഗിക കാറില്‍ യാത്ര പുറപ്പെട്ടത്. ഞായറാഴ്ചയോടെ ജസ്റ്റിസ് ബിശ്വനാഥ് ഷില്ലോങ്ങിലെത്തും.

അടുത്തിടെയാണ് ഇരുവരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി ഉയര്‍ത്തിയത്. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് ദീപങ്കര്‍ ദത്തയെ പ്രസിഡന്റ് രാം നാഥ് കോവിന്ദ് വ്യാഴാഴ്ചയാണ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചത്. അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിയായ ജസ്റ്റിസ് ബിശ്വനാഥ് സോമാദറിനെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായും രാഷ്ട്രപതി നിയമിച്ച് ഉത്തരവിറക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com