പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ ഉടന്‍, ഗര്‍ഭിണികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ നപടികള്‍ വേഗത്തിലാക്കി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍
പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു; നോര്‍ക്കയില്‍ രജിസ്‌ട്രേഷന്‍ ഉടന്‍, ഗര്‍ഭിണികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മുന്‍ഗണന

ന്യൂഡല്‍ഹി/തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാന്‍ നപടികള്‍ വേഗത്തിലാക്കി കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍. ഇതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 

പ്രത്യേക വിമാനത്തിലായിരിക്കും വിദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഓരോരുത്തരെയും വീടിന്റെ തൊട്ടടുത്തുള്ള വിമാനത്താവളത്തിലായിരിക്കും എത്തിക്കുക. 

നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവരെ വീടുകളിലേക്ക് എത്തിക്കുക. മടങ്ങിവരാന്‍ താത്പര്യമുള്ള പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്‌സ് ഉടന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. www.norkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുക. 

ഗര്‍ഭിണികള്‍, ദുരിതമനുഭവിക്കുന്നവര്‍, വിസിറ്റിങ് വിസയില്‍ പോയവര്‍, വിദ്യാര്‍ത്ഥികള്‍, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ക്ക് ആദ്യ പരിഗണന നല്‍കണം എന്നാണ് കേന്ദ്ര നിര്‍ദേശം. 

മടങ്ങിയെത്തുന്ന പ്രവാസികളെ കോറന്റൈന്‍ ചെയ്യാനും ചികിത്സിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ടെന്ന് നോര്‍ക്ക റൂട്‌സ് വ്യക്തമാക്കി. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി എറണാകുളം ജില്ലയില്‍ മാത്രം ആറായിരം വീടുകളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ രാജ്യാന്തര സര്‍വീസുകള്‍ കൊച്ചി വിമാനത്താവളത്തില്‍ നിന്നായതിനാലാണ് എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ വേഗത്തിലാക്കിയതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. 

7000 മുറികളാണ് എത്തുന്നവര്‍ക്കായി തയാറാക്കിയിരിക്കുന്നത്. താല്‍ക്കാലിക താമസത്തിനു വേണ്ടിയാണിത്. പഞ്ചായത്ത് പ്രദേശങ്ങളില്‍ 4701 വീടുകള്‍ ജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ തയാറെടുപ്പുകള്‍ തിങ്കളാഴ്ചയോടെ പൂര്‍ത്തിയാകും. ആകെ 6000 വീടുകളും ഫ്‌ലാറ്റുകളും താമസത്തിനായി ഒരുക്കിയിട്ടുണ്ട്. ഒരു വീട്ടില്‍ നാലു പേര്‍ എന്ന രീതിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത് മന്ത്രി വിശദീകരിച്ചു.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com