പരിപ്പും ചോറും, ക്ഷേത്ര ദര്‍ശനം, രാമനാമ ജപം; ലോക്ക് ഡൗണില്‍ യുപി ഗ്രാമത്തില്‍ കുടുങ്ങിയ ഫ്രഞ്ച് കുടുംബത്തിന് 'പുതിയ' ജീവിതം

ലോക്ക്ഡൗണില്‍ ഫ്രഞ്ച് കുടുംബം കുടുങ്ങിയത് യുപിയിലെ ഒരു ഗ്രാമത്തില്‍; പിന്നീട് നടന്നത് 
ലോക്ക്ഡൗണിനെ തുടർന്ന് യുപിയിൽ കുടുങ്ങിയ ഫ്രഞ്ച് കുടുംബം/ ഫോട്ടോ/ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്
ലോക്ക്ഡൗണിനെ തുടർന്ന് യുപിയിൽ കുടുങ്ങിയ ഫ്രഞ്ച് കുടുംബം/ ഫോട്ടോ/ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്

ലഖ്‌നൗ: ലോക്ക്ഡൗണിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ കുടുങ്ങിപ്പോയ ഫ്രഞ്ച് കുടുംബം ഇപ്പോള്‍ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തെ അടുത്തറിയുകയാണ്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ മോട്ടോര്‍ മെക്കാനിക്കായ പാട്രിസ് പല്ലരെസ്, ഭാര്യ വിര്‍ജിനെ, മക്കളായ ഒഫെലിയ, ലോല, ടോം എന്നിവരാണ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവിടെ കുടുങ്ങിയത്. 

ഫ്രാന്‍സിലെ ടോളൗസില്‍ നിന്നാണ് ഇവര്‍ ഇന്ത്യയില്‍ പര്യടനത്തിനായി എത്തിയത്. ഫെബ്രുവരിയിലായിരുന്നു വന്നത്. ഇന്ത്യയില്‍ നിന്ന് നേപ്പാള്‍, മ്യാന്‍മര്‍, ഇന്തോനേഷ്യ, തായ്‌ലന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ കൂടി സന്ദര്‍ശിച്ച ശേഷം ഫ്രാന്‍സിലേക്ക് മടങ്ങാനായിരുന്നു പദ്ധതി. ലോക്ക്ഡൗണിനെ തുടര്‍ന്ന് തീരുമാനം മാറ്റേണ്ടി വന്നു. 

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മഹരാജ്ഗഞ്ജ് സിംഖോര ഗ്രാമത്തിലാണ് ഇവര്‍ കുടുങ്ങിയത്. ഒരു മാസം കഴിഞ്ഞു അവര്‍ ഇവിടെ താമസം തുടങ്ങിയിട്ട്. നേപ്പാളിനോട് ചേര്‍ന്നുള്ള അതിര്‍ത്തിയിലെ വഴി അധികൃതര്‍ ലോക്ക് ചെയ്തതോടെയാണ് ഇവരുടെ യാത്ര മുടങ്ങിയത്. 

ഗ്രാമത്തിലുള്ള ശിവ് രാംജാനകി ക്ഷേത്രത്തിന് സമീപത്താണ് ഫ്രഞ്ച് കുടുംബം ഇപ്പോള്‍ താമസിക്കുന്നത്. ഗ്രാമീണര്‍ക്കൊപ്പം അവരും സ്ഥിരമായി ക്ഷേത്ര ദര്‍ശനം നടത്തുന്നതായി പുരോഹിതനായ ഉദയ്‌രാജ് പറയുന്നു. രാം രാം സീതാ രാം എന്ന് നാമം ജപിക്കാനും ഫ്രഞ്ച് കുടുംബം തയ്യാറാകുന്നുവെന്നും പുരോഹിതന്‍ വ്യക്തമാക്കി. കൊറോണ വൈറസിനെ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യണമെന്ന ആഗ്രഹത്തില്‍ അവര്‍ ഓം നമഃശിവായ എന്ന മന്ത്രം ജപിക്കുന്നതായും പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു. 

തുടക്കത്തില്‍ അവര്‍ ഗ്രാമീണരോട് ഇടപഴകിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇവിടുത്തെ ആളുകളുടെ ജീവിതത്തോട് ഇഷ്ടം തോന്നുകയും മറ്റുള്ളവരുമായി ഇടപഴകി ജീവിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നു. പരിപ്പും ചോറും റൊട്ടിയുമൊക്കെയാണ് ഇപ്പോള്‍ ഫ്രഞ്ച് കുടുംബവും ഭക്ഷണമായി കഴിക്കുന്നത്. പുരോഹിതന്‍ വ്യക്തമാക്കി. 

അയല്‍ ഗ്രാമത്തിലുള്ള സഞ്ജയ് എന്ന യുവാവാണ് അവരോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നത്. ഫ്രാന്‍സിലേക്ക് തിരികെ പോയാലും ശിവനേയും പാര്‍വതിയേയും ഗണപതിയേയും ആരാധിക്കുന്നത് തുടരുമെന്ന് ഫ്രഞ്ച് കുടുംബം പറഞ്ഞു. 

ഗ്രാമത്തിലുള്ളവരുടെ ആതിഥ്യ മര്യാദ വിസ്മയിപ്പിക്കുന്നതാണെന്ന് പാട്രിസ് പല്ലെരസും കുടുംബവും പറയുന്നു. തങ്ങളെയിപ്പോള്‍ ഇവിടെയുള്ളവര്‍ കുടുംബാംഗങ്ങളായാണ് കാണുന്നത്. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും നേപ്പാളടക്കമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാകുമെന്ന് ഒരുറപ്പും ഇപ്പോഴില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com