രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളുടെ വിശപ്പ് അകറ്റാന്‍ 65,000 കോടി നീക്കിവെയ്ക്കണം, 200 ലക്ഷം കോടി ജിഡിപിയുളള ഇന്ത്യക്ക് ഇത് നിസാരം: രഘുറാം രാജന്‍ 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രഘുറാം രാജന്‍ ഇക്കാര്യം പറഞ്ഞത്
രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളുടെ വിശപ്പ് അകറ്റാന്‍ 65,000 കോടി നീക്കിവെയ്ക്കണം, 200 ലക്ഷം കോടി ജിഡിപിയുളള ഇന്ത്യക്ക് ഇത് നിസാരം: രഘുറാം രാജന്‍ 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പുരോഗമിക്കവേ, രാജ്യത്തെ ദരിദ്രജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്താന്‍ 65000 കോടി രൂപ വേണ്ടി വരുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് രഘുറാം രാജന്‍ ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ മൊത്തം ജിഡിപി 200 ലക്ഷം കോടി രൂപയാണ്. അതുകൊണ്ട് ദരിദ്രജനവിഭാഗങ്ങള്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുളള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് 65000 കോടി രൂപ നീക്കിവെയ്ക്കുന്നത് പ്രയാസമുളള കാര്യമല്ല എന്ന് രഘുറാം രാജന്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ഐക്യം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്. വെല്ലുവിളികള്‍ ഒട്ടെറെ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ വീടുകള്‍ തമ്മില്‍ ഭിന്നിച്ച് നില്‍ക്കുന്ന അവസ്ഥ സൃഷ്ടിക്കരുത്. അത് രാജ്യത്തിന് താങ്ങാന്‍ സാധിക്കില്ലെന്നും രഘുറാം രാജന്‍ മുന്നറിയിപ്പ് നല്‍കി.

പണം നേരിട്ട് നല്‍കുന്ന ഡയറ്ക്ട ബെനഫിറ്റ് ട്രാന്‍സ്ഫര്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വയോജനങ്ങള്‍ക്കുളള പെന്‍ഷന്‍, പൊതുവിതരണ സമ്പ്രദായം തുടങ്ങിയ വഴി ദരിദ്രജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തണം. രാജ്യത്തെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിന് മികച്ച മാര്‍ഗങ്ങള്‍ തേടണം. ദരിദ്രജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് പരിമിതമായ സാഹചര്യങ്ങള്‍ മാത്രം ഉളള പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് വളരെ ശ്രദ്ധാപൂര്‍വ്വം വേണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു. 

കോവിഡ് വ്യാപനം ഒരു അനുകൂല സാഹചര്യവും ആഗോളതലത്തില്‍ ഉണ്ടാക്കാന്‍ പോകുന്നില്ല എന്നാണ് പൊതുവായി വിശ്വസിക്കുന്നത്. ആഗോള സമ്പദ് ഘടനയില്‍ ഘടനാപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിന് ഇത് ഇടയാക്കും. ഇന്ത്യയില്‍ ഇപ്പോള്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതാണ് പ്രധാനം. പ്രതിദിനം അഞ്ചുലക്ഷം പരിശോധനകള്‍ നടത്താവുന്ന തരത്തിലേക്ക് വികസിക്കാന്‍ സാധിക്കണമെന്നും രഘുറാം രാജന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com