മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റം വരുത്തി, മുമ്പ് കൊന്നയാളുടെ ഭാര്യയെ കാമുകിയാക്കി ; മരിച്ചത് അങ്കോട ലോക്കയെന്നുറപ്പിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് 

കഴിഞ്ഞ ഫെബ്രുവരിയില്‍ എസ്ആര്‍ പുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് ലോക്ക മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപമാറ്റം വരുത്തിയത്
മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റം വരുത്തി, മുമ്പ് കൊന്നയാളുടെ ഭാര്യയെ കാമുകിയാക്കി ; മരിച്ചത് അങ്കോട ലോക്കയെന്നുറപ്പിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് 

ചെന്നൈ :  തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ കഴിഞ്ഞ മാസം ദുരൂഹസാഹചര്യത്തില്‍ മരിച്ചത് ശ്രീലങ്കന്‍ അധോലോക നേതാവ് അങ്കോട ലോക്കയാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനുള്ള ശ്രമത്തില്‍ അന്വേഷണ ഏജന്‍സികള്‍. ഇതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തും. ജൂലൈ 3ന് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ വച്ചായിരുന്നു ലോക്ക മരിച്ചത്. പ്രദീപ് സിങ്ങെന്ന പേരിലായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. അബോധാവസ്ഥയില്‍ എത്തിച്ച ലോക്ക മണിക്കുറുകള്‍ക്കകം മരിച്ചു. 

പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി കൂടെ വന്ന രണ്ടു സ്ത്രീകള്‍ മൃതദേഹം ഏറ്റുവാങ്ങി തൊട്ടടുത്തദിവസം മധുരയിലെത്തിച്ച് ദഹിപ്പിക്കുകയായിരുന്നു. ശ്രീലങ്കന്‍ മുനമ്പ് കേന്ദ്രമാക്കി ലഹരി, ആയുധ കടത്തു നടത്തുന്ന മധുമഗ ലസന്ത ചന്ദന പെരേരയെന്ന അങ്കോട ലോക്ക ജൂലൈ 3ന് കോയമ്പത്തൂരില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച കൊടുംകുറ്റവാളിയായ 35 കാരനായ അങ്കോട ലോക്ക മൂന്നു വര്‍ഷമാണ് തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞത്. മുഖം പ്ലാസ്റ്റിക് സര്‍ജറി നടത്തി മാറ്റം വരുത്തിയാണ് ലോക്ക കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് രഹസ്യാനേഷണ ഏജന്‍സിയായ റോ കണ്ടെത്തി. 

കഴിഞ്ഞ ഫെബ്രുവരിയില്‍ എസ്ആര്‍ പുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് ലോക്ക മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് രൂപമാറ്റം വരുത്തിയത്. തിരിച്ചറിയാതിരിക്കാനായിരുന്നു ഇത്. ചരന്‍മാര്‍ നഗറിലെ റോയല്‍ ഫിറ്റ്‌നസ് സെന്ററിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ലോക്കയെന്നും റോ കണ്ടെത്തി. 2018 ലാണ് ലോക്ക കാമുകിക്കൊപ്പം കോയമ്പത്തൂരില്‍ സ്ഥിര താമസമാക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ലോക്ക ഒരു ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ അധോലോക നേതാവിന്റെ ഭാര്യ അമാനി താജിയാണ് ലോക്കയുടെ കാമുകി. 

ലോക്കയ്ക്കും ഇയാളുടെ കാമുകി അമാനി താജിയ്ക്കും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കി നല്‍കിയ മധുരയിലെ അഭിഭാഷക ശിവകാമി സുന്ദരി, തിരുപ്പൂര്‍ സ്വദേശി ധ്യാനേശ്വരന്‍ എന്നിവര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ശവസംസ്‌കാര ചടങ്ങുകള്‍ വിഡിയോ കോള്‍ വഴി ലോക്കയുടെ ശ്രീലങ്കയിലെ സഹോദരിക്കു കാണിച്ചു കൊടുത്തിരുന്നു. ഇവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ലോക്കയ്ക്ക് തമിഴ് പുലികളുമായി ബന്ധമുണ്ടെന്നാണ് സൂചന. പിടിയിലായ ശിവകാമിയുടെ കുടുംബത്തിന് തമിഴ് പുലികളുമായി ബന്ധം ഉണ്ടെന്നും കണ്ടെത്തി. എല്‍ടിടിയെ പിന്തുണച്ചതിന് ശിവകാമിയുടെ അച്ഛന്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. അറസ്റ്റിലാകുമ്പോള്‍ ഗര്‍ഭിണിയായിരുന്ന അമാനിയെ ഗര്‍ഭം അലസിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്ചാര്‍ജ് ചെയ്ത ഇവരെ അതീവ സുരക്ഷാ ജയിലായ ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com