ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള മേഖല; സ്വന്തം ഇഷ്ട പ്രകാരം ഹെഡ് മാസ്റ്റര്‍ സ്‌കൂളില്‍ ക്ലാസുകള്‍ തുടങ്ങി; കാരണം കാണിക്കല്‍ നോട്ടീസുമായി വിദ്യാഭ്യാസ വകുപ്പ്

പ്രധാന അധ്യാപകന്റെ ഈ തീരുമാനത്തെ എതിര്‍ത്ത രക്ഷിതാക്കള്‍ ഈ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു
ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതല്‍ ഉള്ള മേഖല; സ്വന്തം ഇഷ്ട പ്രകാരം ഹെഡ് മാസ്റ്റര്‍ സ്‌കൂളില്‍ ക്ലാസുകള്‍ തുടങ്ങി; കാരണം കാണിക്കല്‍ നോട്ടീസുമായി വിദ്യാഭ്യാസ വകുപ്പ്

കൊല്‍ക്കത്ത: സര്‍ക്കാര്‍ നിര്‍ദേശമില്ലാതെ സ്‌കൂള്‍ തുറന്ന പ്രധാന അധ്യാപകന് വിദ്യാഭ്യാസ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.പശ്ചിമ ബംഗാളിലെ മിഡ്‌നാപ്പൂര്‍ ജില്ലയിലെ സ്‌കൂളിലെ പ്രധാന അധ്യാപകനാണ് നോട്ടീസ് നല്‍കിയത്. പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു പഠനം അധ്യാപകന്‍ പുനരാരംഭിച്ചത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് സ്‌കൂള്‍ തുറന്ന അധ്യാപകന്റെ നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും മൊഴികള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ പ്രധാന അധ്യാപകന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമല്ലാത്തതിനാലും വിദ്യാര്‍ഥികളില്‍ പലര്‍ക്കും മൊബൈല്‍ ലഭ്യമല്ലാത്ത സാഹചര്യത്തിലുമായിരുന്നു സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഒരു വിഭാഗം രക്ഷിതാക്കളുടെയും ആവശ്യപ്പെട്ടതിനനുസരിച്ചാണ് സ്‌കൂള്‍ തുറന്നതെന്നാണ് അധ്യാപകന്റെ വിശദീകരണം.

സ്‌കൂള്‍ തുറക്കുന്ന വിവരം സ്‌കൂളിലെ മുഴുവന്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളെയും ഇദ്ദേഹം അറിയിക്കുയും  സയന്‍സ്, ഇംഗ്ലീഷ് ക്ലാസുകളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. 150 വിദ്യാര്‍ഥികളില്‍ 52 പേര്‍ സ്‌കൂളിലെത്തി. 37 അധ്യാപകരില്‍ 25 പേരും എത്തിയിരുന്നു. സാമൂഹിക അകലം പാലിച്ച് മൂന്ന് മണിക്കൂര്‍ ക്ലാസ് നടന്നതായി ഒരു അധ്യാപകന്‍ പറഞ്ഞു. പ്രധാന അധ്യാപകന്റെ ഈ തീരുമാനത്തെ എതിര്‍ത്ത രക്ഷിതാക്കള്‍ ഈ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കുകയായിരുന്നു.

ജില്ലയില്‍ കുടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലത്താണ് ഈ സ്‌കൂള്‍. ഈ വിവരം അറിഞ്ഞ ഉടനെ തന്നെ ഈ തീരുമാനം പിന്‍വലിക്കണമെന്ന് ജില്ലാ ഭരണകൂടം അവശ്യപ്പെടുകയും ചെയ്തിരുന്നു. അധ്യാപകന്റെ നടപടിക്കെതിരെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ തന്റെ തീരുമാനം തെറ്റായിരുന്നെന്നും വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്ന ഏത് നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com