വേദാന്തയുടെ ഹര്‍ജി തള്ളി, തൂത്തുക്കുടി ഫാക്ടറി തുറക്കില്ല; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍

ഫാക്ടറി വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്നെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്
വേദാന്തയുടെ ഹര്‍ജി തള്ളി, തൂത്തുക്കുടി ഫാക്ടറി തുറക്കില്ല; പടക്കം പൊട്ടിച്ച് ആഘോഷിച്ച് ജനങ്ങള്‍

ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഫാക്ടറി അടച്ചുപൂട്ടിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉടമകളായ വേദാന്ത ലിമിറ്റഡ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഫാക്ടറി വലിയ തോതില്‍ മലിനീകരണമുണ്ടാക്കുന്നെന്ന് ആരോപിച്ച് ജനങ്ങള്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഫാക്ടറിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ കഴിഞ്ഞ വര്‍ഷം പൊലീസ് നടത്തിയ വെടിവയ്പില്‍ 13 പേര്‍ മരിച്ചിരുന്നു.

സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനവും ജസ്റ്റിസ് വി ഭവാനി സുബ്ബരായനും ഉള്‍പ്പെട്ട ബെഞ്ച് വിധിച്ചു. ഫാക്ടറി തുറക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഈ ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഫാക്ടറി തുറക്കാന്‍ അനുമതി നല്‍കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രീം കോടതി അസാധുവാക്കിയിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരായ ഹര്‍ജി പരിഗണിക്കാനുള്ള അധികാരം ട്രൈബ്യൂണലിന് ഇല്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഫാക്ടറി തുറക്കുന്നതിന് എതിരായ ഹൈക്കോടതി വിധി വലിയ ആഘോഷത്തോടെയാണ് മേഖലയിലെ ജനങ്ങള്‍ വരവേറ്റത്. പലയിടത്തും ആളുകള്‍ പടക്കം പൊട്ടിച്ച് കോടതി വിധി ആഘോഷമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com