കുട്ടികളെ കത്രിക മുനയില്‍ നിര്‍ത്തി മോഷണം; സ്വര്‍ണവും പണവും കവര്‍ന്ന് കാലില്‍ വീണു മാപ്പ് പറഞ്ഞ് കള്ളന്‍മാര്‍; അന്തംവിട്ട് വീട്ടുകാര്‍!

കത്രിക മുനയില്‍ കുട്ടികളെ നിര്‍ത്തി മോഷണം; സ്വര്‍ണവും പണവും കവര്‍ന്ന് കാലില്‍ വീണു മാപ്പ് പറഞ്ഞ് കള്ളന്‍മാര്‍; അന്തംവിട്ട് വീട്ടുകാര്‍!
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മധുര: വീട്ടുകാരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി മൂന്നംഗ സംഘത്തിന്റെ മോഷണ ശ്രമം. ഭയന്നുപോയ വീട്ടുകാര്‍ പണവും സ്വര്‍ണം നല്‍കി. മോഷണത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പ് വീട്ടുകാരുടെ കാല്‍ക്കല്‍ വീണ് കള്ളന്‍മാരുടെ മാപ്പു പറച്ചില്‍. മധുരയിലാണ് അപൂര്‍വ മോഷണവും അതിന് പിന്നാലെയുള്ള നാടകീയ സംഭവങ്ങളും അരങ്ങേറിയത്. 

മധുര ജില്ലയിലെ അളങ്കാനല്ലൂരിലുള്ള ദിനേശിന്റെ വീട്ടില്‍ നിന്നാണ് 3.5 ലക്ഷം രൂപയും 8.5 പവന്‍ സ്വര്‍ണവും മൂവര്‍ സംഘം കവര്‍ന്നത്. വീട്ടിലുണ്ടായിരുന്ന കുട്ടിയുടെ കഴുത്തില്‍ കത്രിക വച്ച് ഭീഷണിപ്പെടുത്തിയാണ് മുഖംമൂടി ധരിച്ചെത്തിയവര്‍ പണവും സ്വര്‍ണവും കൈക്കലാക്കിയത്. അതിനു ശേഷം സംഘം കുട്ടിയെ വീട്ടുകാര്‍ക്ക് തന്നെ വിട്ടുനല്‍കി. കുട്ടിയെ വിട്ടുകിട്ടിയതിന്റെ ആശ്വാസത്തില്‍ നില്‍ക്കെയാണ് വീട്ടുകാരെ അമ്പരപ്പിച്ചുള്ള കള്ളന്‍മാരുടെ മാപ്പു പറച്ചില്‍. സംഘം ദിനേശിന്റെ കാല്‍ക്കല്‍ വീണ് മാപ്പു പറയുകയായിരുന്നു. 

കഴിഞ്ഞ ദിവസം അര്‍ധ രാത്രിയോടെയാണ് കള്ളന്മാര്‍ ദിനേശിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയത്. ഈ സമയം ദിനേശും ഭാര്യ ഐശ്വര്യയും സഹോദരിയും ഇവരുടെ മൂന്നു കുട്ടികളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീട്ടുകാര്‍ ഉറക്കമുണര്‍ന്നതോടെ കുട്ടികളില്‍ ഒരാളെ പിടിച്ചുവെച്ച് കഴുത്തില്‍ കത്രിക് വച്ച് സംഘം വില പേശുകയായിരുന്നു. കുട്ടിയുടെ കഴുത്തില്‍ കത്രിക വച്ചതോടെ ദിനേശ് അലമാരയിലുണ്ടായിരുന്ന പണവും സ്വര്‍ണവും മോഷ്ടാക്കള്‍ക്ക് നല്‍കി. ഇവയുമായി പോകുന്നതിനു മുമ്പായിരുന്നു സംഘത്തിന്റെ മാപ്പുപറച്ചില്‍. മുഖംമൂടി മാറ്റിയാണ് ഇവര്‍ ക്ഷമാപണം നടത്തിയത്. 

കഴിഞ്ഞദിവസം പശുവിനെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് സംശയമുണ്ട്. ഇവരില്‍ രണ്ട് പേരുടെ അന്നത്തെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ അളങ്കാനല്ലൂര്‍ പൊലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com