മന്‍മോഹന്‍സിങ് രാജിക്കൊരുങ്ങി ; തടഞ്ഞത് രാഹുല്‍ഗാന്ധി : വെളിപ്പെടുത്തല്‍

ഗാന്ധി കുടുംബം അധികാരത്തിന്റെ കെണിയില്‍ വീഴാതെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചത്
മന്‍മോഹന്‍സിങ് രാജിക്കൊരുങ്ങി ; തടഞ്ഞത് രാഹുല്‍ഗാന്ധി : വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി : യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജിവെക്കാന്‍ തയ്യാറെടുത്തിരുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല. രാഹുല്‍ഗാന്ധിക്ക് പ്രധാനമന്ത്രിയാകാന്‍ വഴിയൊരുക്കുന്നതിന് വേണ്ടിയായിരുന്നു മന്‍മോഹന്‍ സ്ഥാനത്യാഗം ചെയ്യാന്‍ തയ്യാറായത്. എന്നാല്‍ രാഹുല്‍ മന്‍മോഹന്റെ രാജിസന്നദ്ധത നിരസിക്കുകയായിരുന്നു. ഇതേത്തടുര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്ത് തുടര്‍ന്നതെന്നും സുര്‍ജേവാല പറഞ്ഞു. 

ഗാന്ധി കുടുംബം അധികാരത്തിന്റെ കെണിയില്‍ വീഴാതെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിച്ചത്. ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആകട്ടെ എന്ന് പ്രിയങ്കഗാന്ധി പറഞ്ഞത് ഇപ്പോഴത്തെ പ്രസ്താവനയല്ല. ഒരു വര്‍ഷം മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. ആ പ്രസ്താവന മറ്റൊരു സാഹചര്യത്തിലുള്ളതായിരുന്നു എന്നും സുര്‍ജേവാല പറഞ്ഞു. 

മോദി സര്‍ക്കാരിന്റെ നീചമായ ആക്രമണങ്ങളും അപ്രതീക്ഷിത തിരിച്ചടികളും വകവെക്കാതെ രാഹുല്‍ ഗാന്ധി അശ്രാന്തമായ പോരാട്ടത്തിനാണ് നേതൃത്വം നല്‍കിയത്.  ദശലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഇതു കണ്ടു. രാഹുലിന്റെ ഈ ധീരതയാണ് കോണ്‍ഗ്രസിന് വേണ്ടത്. പ്രവര്‍ത്തകര്‍ ബഹുമാനിക്കുന്നതും രാജ്യം ആവശ്യപ്പെടുന്നതും ഇതാണെന്ന് സുര്‍ജേവാല പറഞ്ഞു. 

കോണ്‍ഗ്രസ് അധ്യക്ഷപദത്തില്‍ രാഹുല്‍ഗാന്ധി തിരിച്ചെത്തണമെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് സുര്‍ജേവാലയുടെ പ്രസ്താവന. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നാണ് രാഹുലിന്റെ നിലപാട്. കോണ്‍ഗ്രസിന്റെ പോരാട്ടങ്ങളെ നയിക്കാന്‍ പ്രസിഡന്റ് ആകണമെന്നില്ലെന്നും, സാധാരണ പ്രവര്‍ത്തകനായിരുന്നാല്‍ മതിയെന്നുമാണ് രാഹുല്‍ അഭിപ്രായപ്പെട്ടത്. 

ഗാന്ധി കുടുംബം ഒരിക്കലും അധികാരത്തോട് ആര്‍ത്തി കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹിലും അഭിപ്രായപ്പെട്ടു. 1991 ല്‍ നരസിംഹറാവു സോണിയാഗാന്ധിയോട് പ്രധാനമന്ത്രിയാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ നിരസിച്ചു. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോണിയയാണ് മന്‍മോഹന്‍ സിങ്ങിനോട് പ്രധാനമന്ത്രിയാകാന്‍ ആവശ്യപ്പെട്ടത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനാരോഗ്യം മൂലം സ്ഥാനമൊഴിയാന്‍ മന്‍മോഹന്‍ സിങ് അറിയിച്ചപ്പോള്‍, പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ രാഹുല്‍ഗാന്ധി നിര്‍ബന്ധിക്കുകയായിരുന്നു. ശക്തിസിങ് ഗോഹില്‍ സൂചിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com