ശരീര പരിശോധന ഇല്ല, കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, പനിയുള്ളവര്‍ക്കു പ്രത്യേക ഹാള്‍; പ്രവേശന പരീക്ഷയ്ക്കു മാര്‍ഗ നിര്‍ദേശമായി

പ്രവേശന കവാടത്തില്‍ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന എന്‍ജിനിയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷകളില്‍ (ജെഇഇ- മെയിന്‍, എന്‍ഇഇടി) പങ്കെടുക്കുന്നവര്‍ കോവിഡ് ഇല്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം ഹാജരാക്കണം. പരീക്ഷയ്‌ക്കെത്തുന്നവരുടെ ശരീര പരിശോധന നടത്തേണ്ടതില്ലെന്നും അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ കോണ്‍ടാക്റ്റ്‌ലെസ് ആയി പരിശോധിക്കണമെന്നും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തയാറാക്കിയ പ്രോട്ടോക്കോളില്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെയുള്ള തീയതികളിലാണ്, ഇരുപത്തിയഞ്ചു ലക്ഷത്തോളം പേര്‍ പങ്കെടുക്കുന്ന പരീക്ഷ.

പരീക്ഷയ്ക്ക് എത്തുന്നവര്‍ കോവിഡ് ഇല്ലെന്നു സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നല്‍കണം. ഉയര്‍ന്ന ശരീര ഊഷ്മാവ് ഉള്ളവരെ പ്രത്യേകം മുറികളിലായിരിക്കും പരീക്ഷയ്ക്ക് ഇരുത്തുക.

പരീക്ഷയ്ക്കു മുമ്പുള്ള നടപടികള്‍, പരീക്ഷാ നടത്തിപ്പ്, അതിനു ശേഷമുള്ള കാര്യങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം നിര്‍ദേശങ്ങള്‍ അടങ്ങിയതാണ് ടെസ്റ്റിങ് ഏജന്‍സി തയാറാക്കിയ പ്രോട്ടോക്കോള്‍. എല്ലാ കേന്ദ്രങ്ങളും കൈയുറകളും മുഖാവരണവും ഹാന്‍ഡ് സാനിറ്റൈസറും അണുനാശിനികളും കരുതണം. ജീവനക്കാര്‍ക്കും പരീക്ഷാര്‍ഥികളും ഓരോരുത്തര്‍ക്കും പ്രത്യേകമായി കുടിവെള്ള ബോട്ടിലുകള്‍ വേണം.

പരീക്ഷാ കേന്ദ്രത്തിന്റെ തറ, ചുമരുകള്‍, ഗെയ്റ്റുകള്‍  എന്നിവ പരീക്ഷയ്ക്കു മുമ്പായി അണുവിമുക്തമാക്കണം. പരീക്ഷാ ചുമതലയുള്ളവര്‍ കൈയുറകളും മുഖാവരണവും ധരിക്കണം. പ്രവേശന കവാടത്തില്‍ എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com