ജാതി, മതം, ലൈംഗിക താത്പര്യം, രാഷ്ട്രീയ ബന്ധം; ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനില്‍ വ്യക്തി വിവരങ്ങള്‍ തേടി കേന്ദ്രം, വിമര്‍ശനം 

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനെതിരെ വിമര്‍ശനം
ജാതി, മതം, ലൈംഗിക താത്പര്യം, രാഷ്ട്രീയ ബന്ധം; ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനില്‍ വ്യക്തി വിവരങ്ങള്‍ തേടി കേന്ദ്രം, വിമര്‍ശനം 

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനെതിരെ വിമര്‍ശനം. ആരോഗ്യവിവരങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കരട് നയത്തില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുമെന്ന വിവാദ വ്യവസ്ഥയാണ്‌ ‌വിമര്‍ശനത്തിന് ഇടയാക്കിയത്.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ പ്രഖ്യാപിച്ചത്. എല്ലാവര്‍ക്കും ഡിജിറ്റല്‍ രൂപത്തില്‍ ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാനാണ് പദ്ധതി വിഭാവനം ചെയ്തത്. പദ്ധതിയില്‍ വ്യക്തിപരവും രഹസ്യവുമായ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഒരു ചട്ടക്കൂടിന് രൂപം നല്‍കേണ്ട കാര്യത്തെ കുറിച്ച് പറയുന്നുണ്ട്. 

പൗരന്റെ ലൈംഗികജീവിതം, ലൈംഗിക താത്പര്യം, ജാതി, മതം, രാഷ്ട്രീയ ബന്ധം തുടങ്ങി വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുമെന്ന് കരട് നയത്തില്‍ പറയുന്നു. ഇതിന് പുറമേ പൗരന്റെ ശാരീരികവും മാനസികവുമായ വിവരങ്ങളും , മറ്റു ആരോഗ്യപരമായ വിവരങ്ങളും കൈമാറണമെന്നും നിര്‍ദേശിക്കുന്നു. സെപ്റ്റംബര്‍ മൂന്നിന് ഇതുസംബന്ധിച്ച് ജനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ അഭിപ്രായം തേടും. ഇതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി മുന്നോട്ടുപോകുക.

ജനങ്ങളുടെ അനുവാദത്തോട് കൂടി മാത്രമേ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുകയുളളൂവെന്നാണ് കരട് നയം പുറത്തിറക്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. സ്വകാര്യ വിവരങ്ങള്‍ കൈമാറുന്നത് തടയാന്‍ മുന്‍കൂട്ടി നല്‍കിയ സമ്മതം പിന്‍വലിക്കാനും പൗരന് അനുവാദം നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com