'പൂജാരി അര്‍ധ നഗ്നനാണ്, ഭക്തര്‍ പരാതി പറഞ്ഞോ?'; മാന്യമായി വസ്ത്രം ധരിക്കണമെന്ന ക്ഷേത്ര അധികാരികളുടെ നിര്‍ദേശത്തിന് എതിരെ തൃപ്തി ദേശായി

'പൂജാരി അര്‍ധ നഗ്നനാണ്, ഭക്തര്‍ പരാതി പറഞ്ഞോ?'; മാന്യമായി വസ്ത്രം ധരിക്കണമെന്ന ക്ഷേത്ര അധികാരികളുടെ നിര്‍ദേശത്തിന് എതിരെ തൃപ്തി ദേശായി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പൂനെ: ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ 'മാന്യമായി' വസ്ത്രം ധരിക്കണമെന്ന ഷിര്‍ദി സായിബാബ ക്ഷേത്ര അധികാരികളുടെ നിര്‍ദേശത്തിന് എതിരെ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് തൃപ്തി ദേശായി. ക്ഷേത്രത്തിലെ പൂജാരി അര്‍ധ നഗ്നനായാണ് നില്‍ക്കുന്നതെന്നും പൂജാരിക്കും ഭക്തര്‍ക്കും രണ്ടു തരം അളവുകോല്‍ എന്തുകൊണ്ടെന്നും തൃപ്തി ദേശായി ചോദിച്ചു.

ഭക്തര്‍ 'മാന്യമായി' വസ്ത്രം ധരിച്ചു വരണമെന്നു നിര്‍ദേശിക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്ര ട്രസ്റ്റ് അധികാരികള്‍ എടുത്തു മാറ്റണമന്ന തൃപ്തി ദേശായി പറഞ്ഞു. ഇല്ലാത്തപക്ഷം താന്‍ നേരിട്ടെത്തി ബോര്‍ഡുകള്‍ നീക്കം ചെയ്യും. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ക്ഷേത്ര അധികാരികളുടെ നടപടിയെന്ന് തൃപ്തി അഭിപ്രായപ്പെട്ടു.

ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് 'ഡ്രസ് കോഡ്' ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മോശമായ രീതിയില്‍ ചിലര്‍ വരുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ കനൗജ് ബഗാതെ പറഞ്ഞു. 

''ക്ഷേത്രത്തിലെ പൂജാരി അര്‍ധ നഗ്നനാണ്. ഭക്തരില്‍ ആരും ഇതിന് പരാതി പറഞ്ഞിട്ടില്ല'' ട്രസ്റ്റിന്റെ വാദത്തോട് പ്രതികരിച്ചുകൊണ്ട് തൃപ്തി ദേശായി പറഞ്ഞു. ''ഷിര്‍ദിയിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ വരുന്നുണ്ട്. പല ജാതിയിലും പത മതത്തിലും ഉള്ളവര്‍ എത്തുന്നുണ്ട്. എത്രവേഗം വേഗം ബോര്‍ഡുകള്‍ എടുത്തു മാറ്റുകയാണ് വേണ്ടത്. അല്ലാത്തപക്ഷം അതു മാറ്റാന്‍ ഞങ്ങള്‍ അങ്ങോട്ടു വരേണ്ടിവരും''- തൃപ്തി ദേശായി പറഞ്ഞു. 

എന്തു ധരിക്കണം എന്തു പറയണം എന്നൊക്കെയുള്ള ഓരോരുത്തരുടെയും അവകാശമാണ്. ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം തരുന്നുണ്ട്. ഒരു ആരാധാനാ സ്ഥലത്തു പോവുമ്പോള്‍ എങ്ങനെ വസ്ത്രം ധരിക്കണം എന്നെല്ലാം ആളുകള്‍ക്കറിയാം- അവര്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com