ശനിയാഴ്ച രാജ്യവ്യാപക പ്രക്ഷോഭം; ആഹ്വാനം ചെയ്ത് കര്‍ഷകര്‍, അണയാതെ പ്രതിഷേധം

കാര്‍ഷിക നിമയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍.
ശനിയാഴ്ച രാജ്യവ്യാപക പ്രക്ഷോഭം; ആഹ്വാനം ചെയ്ത് കര്‍ഷകര്‍, അണയാതെ പ്രതിഷേധം

ന്യൂഡല്‍ഹി: കാര്‍ഷിക നിമയങ്ങള്‍ക്ക് എതിരെയുള്ള പ്രക്ഷോഭം രാജ്യവ്യാപകമാക്കാന്‍ ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനയായ ക്രാന്തികാരി കിസാന്‍ യൂണിയന്‍. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം വ്യാപിപ്പിക്കാന്‍ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബര്‍ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. 

എന്നാല്‍ കര്‍ഷകരുമയി നാളെയും ചര്‍ച്ച നടത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. വിഷയങ്ങള്‍ പരിഹരിക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്ക് വിശ്വസിച്ച് ബുറാഡി മൈതാനത്തിലേക്ക് മാറിയ തങ്ങള്‍ വഞ്ചിതരായെന്ന് ആരോപിച്ച് ഒരുവിഭാഗം കര്‍ഷകര്‍ രംഗത്തെത്തി. 

' ബുറാഡി സ്‌റ്റേഡിയത്തിലേക്ക് മാറിയാല്‍ ചര്‍ച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും കര്‍ഷകര്‍ ഇങ്ങോട്ടേക്ക് മാറിയത്. പക്ഷേ, കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയിലേക്ക് ഞങ്ങളെ ക്ഷണിച്ചില്ല.' ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സര്‍ദാര്‍ വി എം സിങ് മാധ്യമങ്ങളോട് പറഞ്ഞു.

നിയമം കയ്യിലെടുക്കുന്നവരോട് മാത്രമേ സര്‍ക്കാര്‍ ചര്‍ച്ച നടത്തുള്ളു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡില്‍ നിന്നും യുപിയില്‍ നിന്നുമുള്ള കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചു. ബുറാഡിയില്‍ തുടരുന്നതുകൊണ്ട് ഇനി അര്‍ത്ഥമില്ല' സര്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com