കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു ; ഉന്നത തല യോഗം; കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് സാധ്യത

കാര്‍ഷിക പരിഷ്‌കരണനിയമങ്ങളില്‍ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയേക്കും
കര്‍ഷക സമരത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു ; ഉന്നത തല യോഗം; കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് സാധ്യത

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നതിനിടെ, വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടുന്നു. പ്രധാനമന്ത്രി അടിയന്തര ഉന്നതതല യോഗം വിളിച്ചു. മോദിയുടെ ലോക് കല്യാണ്‍ മാര്‍ഗിലെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന ഉന്നത തലയോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ പങ്കെടുക്കുന്നു. 

കര്‍ഷക പ്രതിനിധികളെ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്നാംവട്ട ചര്‍ച്ചയാണ് ഇന്ന് നടക്കുന്നത്. ഇതിനു മുന്നോടിയായാണ് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. കര്‍ഷക സമരം ഒത്തുതീര്‍ക്കുന്നതിനുള്ള നടപടികളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കാര്‍ഷിക നിയമത്തില്‍ ഭേദഗതിക്ക് സാധ്യതയുണ്ട്. സമരം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കിയിരുന്നു. 

കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക, താങ്ങു വിലയുടെ കാര്യത്തില്‍ രേഖാമൂലമുള്ള ഉറപ്പ് നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ വിട്ടുവീഴ്ച ഇല്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ആരംഭിച്ച സമരത്തിന് മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷകരും പിന്തുണയുമായി എത്തുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുന്നത്. 

കാര്‍ഷിക പരിഷ്‌കരണനിയമങ്ങളില്‍ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകള്‍ ഭേദഗതിചെയ്യാമെന്ന് ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയേക്കും.  വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഈ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവതരിപ്പിച്ചെങ്കിലും കര്‍ഷകസംഘടനകള്‍ അംഗീകരിച്ചിരുന്നില്ല. താങ്ങുവില സംവിധാനം തുടരുമെന്ന ഉറപ്പിനുപുറമേ രണ്ടുവ്യവസ്ഥകളില്‍ ഭേദഗതിവരുത്താമെന്നാണ് കര്‍ഷകസംഘടനകള്‍ക്ക് കേന്ദ്രം നല്‍കുന്ന വാഗ്ദാനം. മൂന്നുനിയമങ്ങളില്‍, കൂടുതല്‍ വിവാദമുയര്‍ത്തുന്ന വ്യവസ്ഥകളടങ്ങിയ കാര്‍ഷികോത്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച നിയമത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഗണിച്ച് ഭേദഗതികള്‍ കൊണ്ടുവരാമെന്നും സര്‍ക്കാര്‍ അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com