പുതിയ പാര്‍ലമെന്റ് മന്ദിരം: ശിലാസ്ഥാപനം 10ന്, ഭൂമിപൂജയും പ്രധാനമന്ത്രി നിര്‍വഹിക്കും

പുതിയ പാര്‍ലമെന്റ് മന്ദിരം: ശിലാസ്ഥാപനം 10ന്, ഭൂമിപൂജയും പ്രധാനമന്ത്രി നിര്‍വഹിക്കും
പുതിയ പാര്‍ലമെന്റ് മന്ദിരം: ശിലാസ്ഥാപനം 10ന്, ഭൂമിപൂജയും പ്രധാനമന്ത്രി നിര്‍വഹിക്കും

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം ഈ മാസം പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. മന്ദിര നിര്‍മാണത്തിനുള്ള ഭൂമിപൂജയും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല അറിയിച്ചു. 

861.90 കോടി രൂപ ചെലവഴിച്ചാണ് പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നത്. ഇരുപത്തിയൊന്നു മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ടാറ്റ പ്രൊജ്ക്ടിനാണ് നിര്‍മാണ കരാര്‍.

നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോടു ചേര്‍ന്നു തന്നെയായിരിക്കും പുതിയ കെട്ടിടം വരിക. എല്ലാ എംപിമാര്‍ക്കും പ്രത്യേകം ഓഫിസ് പുതിയ മന്ദിരത്തിലുണ്ടാവും. കടലാസ് രഹിത പാര്‍ലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കും. വിശാലമായ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, അംഗങ്ങള്‍ക്കു വേണ്ടി ലോഞ്ച്, ലൈബ്രറി, വിവിധ സമിതികള്‍ക്കായുള്ള മുറികള്‍, ഡൈനിങ് ഹാളുകള്‍, പാര്‍ക്കിങ് സൗകര്യം എന്നിവ പുതിയ മന്ദിരത്തില്‍ സജ്ജമാക്കും.

നിര്‍മാണകാലത്ത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ഉള്‍പ്പെടെ പാര്‍ലമെന്റ് സമുച്ഛയത്തിലെ പ്രതിമകള്‍ താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കും. പണി പൂര്‍ത്തിയായാല്‍ ഇവ ഉചിതമായ സ്ഥാനങ്ങളില്‍ പുനസ്ഥാപിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

ഡല്‍ഹിയുടെ ശില്‍പ്പികളായ എഡ്വിന്‍ ല്യൂട്ടണും ഹെര്‍ബര്‍ട്ട് ബേക്കറും ചേര്‍ന്നാണ് നിലവിലെ പാര്‍ലമെന്റ് മന്ദിരം രൂപകല്‍പ്പന ചെയ്തത്. 1921 ഫെബ്രുവരി 12ന് ആയിരുന്നു ശിലാസ്ഥാപനം. ആറു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയായി. ചെലവ് 83 ലക്ഷം രൂപ. 1927 ജനുവരി 18ന് ഗവര്‍ണര്‍ ജനറല്‍ ഇര്‍വിന്‍ പ്രഭുവാണ് പാര്‍ലമെന്റ് മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

പുതിയ മന്ദിരത്തിന്റെ പണി പൂര്‍ത്തായാവുന്നതു വരെ പഴയ മന്ദിരം പതിവു പോലെ പ്രവര്‍ത്തിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം കഴിഞ്ഞാല്‍ പഴയത് മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com