അച്ഛന്‍ ജയിലില്‍, അമ്മ ഉപേക്ഷിച്ചു, വീട് നഷ്ടപ്പെട്ട ബാലന്‍ തെരുവില്‍; അന്തിയുറങ്ങുന്നത് മരം കോച്ചുന്ന തണുപ്പില്‍ പട്ടിയ്‌ക്കൊപ്പം 

ഉത്തര്‍പ്രദേശില്‍ മരം കോച്ചുന്ന തണുപ്പില്‍ തെരുവില്‍ പട്ടിയ്‌ക്കൊപ്പം അന്തിയുറങ്ങുന്ന ഒന്‍പത് വയസ്സുകാരനെ രക്ഷിച്ചു
തെരുവില്‍ പട്ടിയ്‌ക്കൊപ്പം അന്തിയുറങ്ങുന്ന ബാലന്‍/ ട്വിറ്റര്‍ ചിത്രം
തെരുവില്‍ പട്ടിയ്‌ക്കൊപ്പം അന്തിയുറങ്ങുന്ന ബാലന്‍/ ട്വിറ്റര്‍ ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മരം കോച്ചുന്ന തണുപ്പില്‍ തെരുവില്‍ പട്ടിയ്‌ക്കൊപ്പം അന്തിയുറങ്ങുന്ന ഒന്‍പത് വയസ്സുകാരനെ രക്ഷിച്ചു. പട്ടിക്കൊപ്പം അന്തിയുറങ്ങുന്ന ബാലന്റെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസാണ് രക്ഷിച്ചത്. കുട്ടിയുടെ വീട്ടുകാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

മുസഫര്‍നഗറിലാണ് സംഭവം. ഈ മാസത്തിന്റെ തുടക്കത്തിലാണ് പട്ടിയ്‌ക്കൊപ്പം അന്തിയുറങ്ങുന്ന ഒന്‍പത് വയസുകാരന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. തണുപ്പിനെ നേരിടാന്‍ പുതപ്പ് പുതച്ചാണ് കുട്ടിയുടെയും ബാലന്റെയും ഉറക്കം.നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ പൊലീസ് നടത്തിയ തെരച്ചിലിന് ഒടുവിലാണ് ബാലനെ കണ്ടെത്തിയത്. അങ്കിത് എന്നാണ് കുട്ടിയുടെ പേര്. ഡാനി എന്ന പട്ടിയാണ് അങ്കിത്തിന്റെ കൂട്ടുകാരന്‍. പഴയ കാലത്തെ കുറിച്ച് അവ്യക്തമായ ഓര്‍മ്മ മാത്രമാണ് കുട്ടിക്ക് ഉള്ളത്. അച്ഛന്‍ ജയിലിലാണെന്നും അമ്മ തന്നെ ഉപേക്ഷിച്ചെന്നുമാണ് മാതാപിതാക്കളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അങ്കിത് പറയുന്നത്.

പ്രാദേശിക ഭരണകൂടമാണ് കുട്ടിക്ക് വേണ്ടിയുള്ള തെരച്ചില്‍ ആദ്യം നടത്തിയത്. തുടര്‍ന്ന് പൊലീസും സഹകരിച്ചതോടെ, തിങ്കളാഴ്ചയാണ് അങ്കിത്തിനെ കണ്ടെത്തിയത്. ചായക്കടയിലാണ് കുട്ടി ജോലി ചെയ്യുന്നത്. സൗജന്യമായി ഒന്നും സ്വീകരിക്കാന്‍ മനസ് അനുവദിക്കാത്ത അങ്കിത് പണം നല്‍കിയാണ് പട്ടിക്കുള്ള പാല് പോലും വാങ്ങുന്നത്.

നിലവില്‍ മുസഫര്‍നഗര്‍ പൊലീസിന്റെ സംരക്ഷണയിലാണ് കുട്ടി. കുട്ടിയെ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ വരുന്നത് വരെ സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. സൗജന്യമായി ഭക്ഷണം നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മതിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com