വേതനം ചോദിച്ചു, തൊഴിലുടമ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് കാറ്റടിച്ച് കയറ്റി; 40കാരന് ദാരുണാന്ത്യം, 'കണ്ണില്ലാത്ത ക്രൂരത'

 മധ്യപ്രദേശില്‍ തൊഴിലാളിയുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് തൊഴിലുടമ കാറ്റടിച്ച് കയറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  മധ്യപ്രദേശില്‍ തൊഴിലാളിയുടെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് തൊഴിലുടമ കാറ്റടിച്ച് കയറ്റി. ഗുരുതരാവസ്ഥയിലായ തൊഴിലാളി ദിവസങ്ങള്‍ക്ക് ശേഷം മരിച്ചു. വേതനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ശിവ്പുരി ജില്ലയിലെ ഗാസിഗാഡ് ധോറിയ ഗ്രാമത്തിലാണ് സംഭവം. 40 വയസുകാരനായ പെര്‍മനാനന്ദ് ധക്കാട് ആണ് മരിച്ചത്. ക്വാറിയില്‍ ദിവസ വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളിയാണ് ധക്കാട്. തൊഴിലുടമ രാജേഷ് റായ്‌യാണ് മരണത്തിന് ഉത്തരവാദിയെന്ന് ധക്കാടിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

ഡിസംബര്‍ എട്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വേതനം ചോദിച്ചതാണ് പ്രകോപനത്തിന് കാരണം. ധക്കാടിനെ ആദ്യം രാജേഷ് റായ് മര്‍ദ്ദിച്ചു. തുടര്‍ന്ന് മറ്റു ജീവനക്കാര്‍ ചേര്‍ന്ന് ധക്കാടിനെ പിടിച്ചുവച്ചു. ഈസമയത്ത് ധക്കാടിന്റെ മലദ്വാരത്തിലൂടെ പമ്പ് ഉപയോഗിച്ച് ശരീരത്തിലേക്ക് കാറ്റടിച്ച് കയറ്റിയെന്നാണ് പരാതി.

ആക്രമണത്തില്‍ ഗുരുതരാവസ്ഥയിലായ യുവാവിനെ കുടുംബത്തെ അറിയിക്കാതെ ഗ്വാളിയാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ഇവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പിന്നീട് മാറ്റി. വയറു സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലാണെന്നാണ് ധക്കാടിന്റെ കുടുംബത്തോട് പ്രതി പറഞ്ഞത്. 

48 മണിക്കൂറിന് ശേഷം ബോധം തിരിച്ചുകിട്ടിയ ധക്കാട് സംഭവം വിവരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് പൊലീസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com