പുറം ലോകം കാണാതെ മുറിക്കുള്ളിൽ കഴിഞ്ഞത് പത്ത് കൊല്ലം; മൂന്ന് സഹോദരങ്ങൾക്ക് ഒടുവിൽ മോചനം; അമ്പരപ്പ്

പുറം ലോകം കാണാതെ മുറിക്കുള്ളിൽ കഴിഞ്ഞത് പത്ത് കൊല്ലം; മൂന്ന് സഹോദരങ്ങൾക്ക് ഒടുവിൽ മോചനം; അമ്പരപ്പ്
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ

അഹമ്മദാബാദ്: പത്ത് വർഷത്തോളം വീട്ടിലെ ഒരു മുറിയിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞ സഹോദരങ്ങളെ ഒടുവിൽ സന്നദ്ധ പ്രവർത്തകരെത്തി രക്ഷപ്പെടുത്തി. ആരെയും കാണാതെ ഈ ലോകത്തോട് ഒന്നും ഉരിയാടാതെയാണ് പത്ത് വർഷത്തോളം ഇവർ ഒരു മുറിയിൽ സ്വയം അടച്ചിരുന്നത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് ആരെയും അമ്പരപ്പിക്കുന്ന വിചിത്ര സംഭവം അരങ്ങേറിയത്.

രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് വീട്ടിലെ മുറിയിൽ പത്ത് വർഷത്തോളം ലോകവുമായി ബന്ധമില്ലാത്ത ജീവിതം നയിച്ചത്. സഹോദരങ്ങളായ അംരീഷ്, ഭവേഷ്, ഇവരുടെ സഹോദരി മേഘ്‌ന എന്നിവരാണ് ഒരു ദശാബ്ദത്തോളം ഒരേ മുറിക്കുള്ളിൽ കഴിഞ്ഞത്. 30 നും 42നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. രാജ്‌കോട്ടിലെ വീട്ടിൽ നിന്ന് ഇവരുടെ പിതാവിന്റെ സഹായത്തോടെയാണ് സന്നദ്ധ സംഘടനയുടെ പ്രവർത്തകർ ഇവരെ രക്ഷപ്പെടുത്തിയത്. 

ഞായറാഴ്ച വൈകീട്ട് കതക് തകർത്താണ് സന്നദ്ധ പ്രവർത്തകർ മുറിയുടെ അകത്ത് പ്രവേശിച്ചത്. സൂര്യപ്രകാശം കടക്കാത്ത മുറി മനുഷ്യ വിസർജ്യവും പഴകിയ ഭക്ഷണാവശിഷ്ടങ്ങളും കൊണ്ട് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. താടിയും മുടിയും നീണ്ട് ജടകെട്ടിയ നിലയിലായിരുന്നു മൂന്ന് പേരും. ആരോഗ്യം ക്ഷയിച്ച് വളരെ ദുർബലരായ സഹോദരങ്ങൾക്ക് സ്വയം എഴുന്നേറ്റു നിൽക്കാൻ പോലും കഴിയുമായിരുന്നില്ല.

പത്ത് വർഷം മുമ്പ് അമ്മയുടെ മരണത്തോടെയാണ് സഹോദരങ്ങൾ ഈ അവസ്ഥയിലേക്കെത്തിയതെന്നും സ്വയം വാതിലടച്ച് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നെന്നും പിതാവ് പട്ടേൽ സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു. 1986ൽ ഇവരുടെ അമ്മ രോഗിയാവുകയും ആറ് വർഷത്തിനു ശേഷം മരിക്കുകയും ചെയ്തു. ഇത് തന്റെ മക്കളെ വളരെ ആഴത്തിൽ ബാധിച്ചു. ഇതോടെ അവരുടെ മാനസിക നില തെറ്റാൻ തുടങ്ങി. എല്ലാ ദിവസവും ഭക്ഷണം വാതിലിന് പുറത്ത് വയ്ക്കുകയാണ് പതിവെന്നും പട്ടേൽ വ്യക്തമാക്കി. 

പിതാവ് പട്ടേൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചയാളാണ്. മക്കൾ മൂവരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആണ്. മൂത്തയാൾ അംരിഷ് അഭിഭാഷകനും ബിഎ, എൽഎൽബി ബിരുദധാരിയുമാണ്. മകൾ മേഘ്‌ന സൈക്കോളജിയിൽ ബിരുദാനന്തര ബിരുദധാരിയാണ്. ഇളയ മകൻ ഭവേഷ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയും മികച്ച ക്രിക്കറ്റ് കളിക്കാരനുമായിരുന്നുവെന്നും പിതാവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com