പത്താം ക്ലാസുകാരനെ പഠിക്കാത്തതിന് വഴക്കു പറഞ്ഞു; ഒന്നര ലക്ഷവുമായി വീട്ടിൽ നിന്ന് മുങ്ങി; ​ഗോവയിൽ കറക്കം 

പത്താം ക്ലാസുകാരനെ പഠിക്കാത്തതിന് വഴക്കു പറഞ്ഞു; ഒന്നര ലക്ഷവുമായി വീട്ടിൽ നിന്ന് മുങ്ങി; ​ഗോവയിൽ കറക്കം 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വഡോദര: വീട്ടുകാർ വഴക്കു പറഞ്ഞതിനെ തുടർന്ന് 14കാരൻ പണവുമെടുത്ത് വീടു വിട്ടിറങ്ങി നേരെ പോയത് ​ഗോവയിലേക്ക്. ​ഗോവയിൽ കറങ്ങി നടന്ന പത്താം ക്ലാസുകാരനെ ഒടുവിൽ പൊലീസ് കണ്ടെത്തി. ഗുജറാത്ത് വഡോദര സ്വദേശിയായ പത്താം ക്ലാസുകാരനെയാണ് പുനെയിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. തുടർന്ന് പുനെ പൊലീസിന്റെ സഹായത്തോടെ കുട്ടിയെ വഡോദരയിലെത്തിച്ച് മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.

ദിവസങ്ങൾക്ക് മുമ്പാണ് 14കാരനെ വീട്ടിൽ നിന്ന് കാണാതായത്. പഠനത്തിൽ ഉഴപ്പുന്നതിലും വെറുതെ സമയം ചെലവഴിക്കുന്നതിലും മാതാപിതാക്കൾ കുട്ടിയെ വഴക്കു പറഞ്ഞിരുന്നു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിൽ മുത്തച്ഛനും കുട്ടിയെ ശാസിച്ചു. ഇതോടെയാണ് വീട്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയുമായി പത്താം ക്ലസ് വിദ്യാർത്ഥി നാട് വിട്ടത്. 

മകനെ കാണാതായതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. ഇതിനിടെയാണ് വീട്ടിലെ പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലായത്. തുടർന്ന് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വഡോദര പൊലീസ് കുട്ടിയെ കണ്ടെത്തിയത്. വീട്ടിൽ നിന്നിറങ്ങിയ 14കാരൻ ഗോവയിലേക്കാണ് പോയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നു റെയിൽവേ സ്റ്റേഷനിലെത്തി തീവണ്ടി മാർഗം ഗോവയിൽ പോകാനായിരുന്നു പദ്ധതി. എന്നാൽ ആധാർ കാർഡ് ഇല്ലാത്തതിനാൽ ടിക്കറ്റ് ലഭിച്ചില്ല. തുടർന്ന് അമിത് നഗർ സർക്കിളിലെത്തി പുനെയിലേക്ക് ബസ് കയറി. അവിടെ നിന്ന് ഗോവയിലേക്കും ബസിലായിരുന്നു യാത്ര.

ഗോവയിലെത്തിയ 14കാരൻ ക്ലബുകളിലാണ് ഏറെ സമയവും ചിലവഴിച്ചത്. കൈയിലെ പണം തീരാറായതോടെ ഗുജറാത്തിലേക്ക് തന്നെ മടങ്ങാൻ തീരുമാനിച്ചു. ഗോവയിൽ നിന്ന് പുനെയിലെത്തി, പുതിയ സിം കാർഡ് വാങ്ങി മൊബൈൽ ഫോണിലിട്ടു. തുടർന്ന് നഗരത്തിലെ ട്രാവൽ ഏജൻസിയിലെത്തി ടിക്കറ്റും ബുക്ക് ചെയ്തു. ഇതാണ് പൊലീസ് അന്വേഷണത്തിൽ നിർണായകമായത്.

ഫോൺ ഓണായതോടെ സ്ഥലം കണ്ടെത്തിയ പൊലീസ് ഉടൻ തന്നെ ട്രാവൽ ഏജൻസി അധികൃതരെ ഫോണിൽ ബന്ധപ്പെട്ടു. തന്ത്രപൂർവം കുട്ടിയെ ഓഫീസിൽ തന്നെ ഇരുത്താനായിരുന്നു നിർദേശം. പിന്നാലെ പുനെ പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് പുനെ പൊലീസെത്തി കുട്ടിയെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പുനെ പൊലീസ് കുട്ടിയെ വഡോദര പൊലീസിന് കൈമാറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com