ഒരു പോര്‍ട്ടല്‍, ഒരു ഫീസ്, ഒരു ഓണ്‍ലൈന്‍ പരീക്ഷ; 2.62 ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍, നിര്‍ദ്ദിഷ്ട പൊതുപ്രവേശനപരീക്ഷയുടെ വിശദാംശങ്ങള്‍ ചുവടെ

വിവിധ തലങ്ങളിലുളള സര്‍ക്കാര്‍ ജോലികള്‍ക്കായി ബജറ്റില്‍ വിഭാവനം ചെയ്ത പൊതുപ്രവേശന പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഒരു പോര്‍ട്ടല്‍, ഒരു ഫീസ്, ഒരു ഓണ്‍ലൈന്‍ പരീക്ഷ; 2.62 ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍, നിര്‍ദ്ദിഷ്ട പൊതുപ്രവേശനപരീക്ഷയുടെ വിശദാംശങ്ങള്‍ ചുവടെ

ന്യൂഡല്‍ഹി: വിവിധ തലങ്ങളിലുളള സര്‍ക്കാര്‍ ജോലികള്‍ക്കായി ബജറ്റില്‍ വിഭാവനം ചെയ്ത പൊതുപ്രവേശന പരീക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വ്യത്യസ്ത സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് വിഭിന്നമായ പരീക്ഷകള്‍ എഴുതുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പണച്ചെലവിനും സമയം നഷ്ടത്തിനും കാരണമാകുന്നുണ്ട്. ഇതൊഴിവാക്കാന്‍ ഏത് നോണ്‍ ഗസ്റ്റഡ് തസ്തികകളിലേക്കും നിര്‍ദ്ദിഷ്ട പൊതുപ്രവേശന പരീക്ഷ നടത്തുമെന്നാണ് ബജറ്റിലുളള നിര്‍ദേശം. ഇതുസംബന്ധിച്ചുളള കൂടുതല്‍ കാര്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ വര്‍ഷം പകുതിയോടെ തുടക്കമിടുന്ന പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റിന് മൂന്ന് വര്‍ഷമായിരിക്കും കാലാവധി. ഈ റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികള്‍ക്കും വ്യത്യസ്തമായ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്കും പരിശോധിക്കാവുന്നതാണ്. റാങ്ക് ലിസ്റ്റിലെ സ്‌കോര്‍ ഉയര്‍ത്താന്‍ അധികമായി രണ്ടു അവസരങ്ങള്‍ കൂടി നല്‍കും. ഇതിലെ ഏറ്റവും ഉയര്‍ന്ന് സ്‌കോര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്ക് പരിഗണിക്കാവുന്ന നിലയിലാണ് പൊതുപ്രവേശന പരീക്ഷയ്ക്ക് രൂപം നല്‍കുക എന്ന് സര്‍ക്കാര്‍ പറയുന്നു.

വിവിധ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് പകരം ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സി എന്ന സംവിധാനം വരും. ഇതിന്റെ കീഴിലായിരിക്കും പൊതുപ്രവേശന പരീക്ഷ നടത്തുക. സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്കായുളള നിയമനത്തിനും പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പരിഗണിക്കാവുന്നതാണ്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിന് സ്വകാര്യ കമ്പനികള്‍ക്കും ഈ റാങ്ക് ലിസ്റ്റ് ആശ്രയിക്കാവുന്ന തരത്തിലാണ് പൊതുപ്രവേശന പരീക്ഷയ്്ക്ക് രൂപം നല്‍കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

കഴിഞ്ഞദിവസം ബജറ്റ് അവതരണവേളയിലാണ് പൊതുപ്രവേശന പരീക്ഷയെ കുറിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിശദീകരിച്ചത്. ഓണ്‍ലൈനായാണ് പരീക്ഷ നടത്തുക. 2021 വരെ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ 2.62 ലക്ഷം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വരുന്ന ഒഴിവുകളുടെ കണക്കാണിത്. ഇതില്‍ നോണ്‍ ഗസ്റ്റഡ് തസ്തികകളില്‍ വരുന്ന ഒഴിവുകളിലേക്കാണ് ഓണ്‍ലൈന്‍ പൊതുപ്രവേശന പരീക്ഷ നടത്തുക. 

എല്ലാ ജില്ലകളിലും പരീക്ഷ സെന്റര്‍ ക്രമീകരിച്ചാണ് പരീക്ഷ നടത്തുക. നിലവില്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍, ബാങ്കിങ് നിയമനങ്ങള്‍ക്കുളള ഐബിപിഎസ് എന്നിവ നടത്തുന്ന പരീക്ഷകളാണ് പൊതുപ്രവേശന പരീക്ഷ എന്ന ഒറ്റ കുടക്കീഴിലേക്ക് വരുക. അതായത് സര്‍ക്കാര്‍, പൊതുമേഖല ബാങ്കുകള്‍ എന്നിവയില്‍ ഒഴിവുവരുന്ന തസ്തികകളിലേക്ക് നടക്കുന്ന പ്രവേശന പരീക്ഷയ്ക്ക് പകരം  പൊതു പ്രവേശന പരീക്ഷ സംഘടിപ്പിക്കും. പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ്, ബിരുദം എന്നി അടിസ്ഥാന യോഗ്യതയുളള തസ്തികകളിലേക്ക് വ്യത്യസ്ത പൊതുപ്രവേശന പരീക്ഷകള്‍ നടത്തുമെന്ന് ചുരുക്കം. ഇതോടെ വിവിധ തസ്തികകളിലേക്ക് അപേക്ഷ നല്‍കുന്നത് അടക്കമുളള ബുദ്ധിമുട്ടുകളില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികള്‍ ഒഴിവാകും. ഇത് പണച്ചെലവ് നിയന്ത്രിക്കാനും സമയനഷ്ടം കുറയ്ക്കാനും സഹായകമാകുമെന്നും സര്‍ക്കാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com