ഉത്തര്‍പ്രദേശില്‍ ഹിന്ദു മഹാസഭ നേതാവ് വെടിയേറ്റ് മരിച്ചു; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്, അന്വേഷണം 

ഉത്തര്‍പ്രദേശില്‍ ഹിന്ദുമഹാസഭ നേതാവ് വെടിയേറ്റ് മരിച്ചു
ഉത്തര്‍പ്രദേശില്‍ ഹിന്ദു മഹാസഭ നേതാവ് വെടിയേറ്റ് മരിച്ചു; കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്, അന്വേഷണം 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹിന്ദു മഹാസഭ നേതാവ് വെടിയേറ്റ് മരിച്ചു. രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് ഹിന്ദു മഹാസഭ ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് രഞ്ജിത്ത് ബച്ചന്‍ വെടിയേറ്റ് മരിച്ചത്. സ്വര്‍ണ ചെയ്‌നും സെല്‍ഫോണും തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജേന ഹിന്ദു മഹാസഭ നേതാവിന് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ലക്‌നൗവിന്റെ ഹൃദയഭാഗമായ ഹസ്രത്ത്ഗഞ്ച് മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ഗോരഖ്പൂര്‍ സ്വദേശിയാണ് രഞ്ജിത്ത് ബച്ചന്‍. മറ്റൊരാളുടെ ഒപ്പമാണ് ഇദ്ദേഹം നടക്കാന്‍ ഇറങ്ങിയത്. ഈസമയത്ത് ബൈക്കില്‍ എത്തിയ രണ്ടംഗ അക്രമിസംഘം വെടിയുതിര്‍ക്കുകയായിരുന്നു. രഞ്ജിത്ത് ബച്ചന്‍ തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ കൂടെയുളളയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രഞ്ജിത്ത് ബച്ചന്റെ സ്വര്‍ണ ചെയ്‌നും സെല്‍ഫോണും തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നു എന്ന വ്യാജേന ആയിരുന്നു ആക്രമണമെന്ന്് പൊലീസ് പറയുന്നു. അതിനിടെ ഉണ്ടായ മല്‍പ്പിടിത്തത്തിന് പിന്നാലെയാണ് അക്രമികള്‍ രഞ്ജിത്ത് ബച്ചന് നേരെ നിറയൊഴിച്ചത്. തലയ്ക്കാണ് വെടിയേറ്റത്. രഞ്ജിത്ത് ബച്ചന്റേത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. 

പ്രദേശത്തുളള സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണത്തിന് തുടക്കമിട്ടതായി പൊലീസ് പറയുന്നു. ഉടനെ തന്നെ പ്രതികളെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അടുത്തിടെ, ലക്‌നൗവില്‍ വെടിയേറ്റ് മരിക്കുന്ന രണ്ടാമത്തെ വലതുപക്ഷ ഹിന്ദു നേതാവാണ് ഇദ്ദേഹം. ഹിന്ദു സമാജ് പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായിരുന്ന കമലേഷ് തീവാരിയാണ്  ഒക്ടോബറില്‍ സമാനമായ നിലയില്‍ മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com