'പാചകക്കാരി ഇയര്‍ഫോണില്‍ വിനോദത്തില്‍'; സ്‌കൂളില്‍ തിളച്ച പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം, ഹെഡ്മാസ്റ്ററിന് സസ്‌പെന്‍ഷന്‍

ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ പച്ചക്കറി വേവിക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ സ്‌കൂളില്‍ പച്ചക്കറി വേവിക്കുന്ന പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച് ഭക്ഷണം പാചകം ചെയ്ത പാചകക്കാരിയുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരം ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഗുരുതരമായി പൊളളലേറ്റ മൂന്നു വയസുകാരിക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.

തിളച്ച പാത്രത്തില്‍ കുട്ടി വീണാണ് അപകടം സംഭവിച്ചത്. കുട്ടികള്‍ സ്റ്റൗവിന് അടുത്ത് നിന്ന് കളിക്കുന്നത് പാചകക്കാരിയുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഈസമയത്ത് ചെവിയില്‍ ഇയര്‍ഫോണ്‍ വച്ച നിലയിലായിരുന്നു പാചകക്കാരിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

കുട്ടി പാത്രത്തില്‍ വീണ കാര്യവും തുടക്കത്തില്‍ പാചകക്കാരി അറിഞ്ഞില്ല. കുട്ടികള്‍ നിലവിളിക്കുന്നത് കേട്ടാണ് പാചകക്കാരി ഇക്കാര്യം ശ്രദ്ധിച്ചത്. സംഭവം കണ്ട് പരിഭ്രാന്തിയിലായ സ്ത്രീ അവിടെ നിന്ന് കടന്നുകളഞ്ഞതായും  റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു വയസുകാരിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ചികിത്സയ്ക്കിടെ മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. സ്‌കൂളിലെ ഹെഡ്മാസ്റ്ററെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് സുശീല്‍ പട്ടേല്‍ പറഞ്ഞു. പാചകം ചെയ്യുമ്പോള്‍ ആറ് പാചകക്കാരികള്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായ ശ്രദ്ധ കുറവാണ് അപകടത്തിന് കാരണമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com