പൗരത്വം തെളിയിക്കണം; മൂന്ന് മുസ്ലിം യുവാക്കള്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടീസ്, വിവാദം

പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ, ഹൈദരബാദ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട ആധാര്‍ അതോറിറ്റിയുടെ നപടി വിവാദമാകുന്നു
പൗരത്വം തെളിയിക്കണം; മൂന്ന് മുസ്ലിം യുവാക്കള്‍ക്ക് ആധാര്‍ അതോറിറ്റിയുടെ നോട്ടീസ്, വിവാദം

ഹൈദരാബാദ്: പൗരത്വ നിയമഭേദഗതിക്ക് എതിരായ പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ, ഹൈദരബാദ് സ്വദേശികളായ മൂന്ന് മുസ്ലിം യുവാക്കളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട ആധാര്‍ അതോറിറ്റിയുടെ നപടി വിവാദമാകുന്നു. പൗരത്വം തെളിയിക്കുന്ന രേഖകളുമായി ഫെബ്രുവരി 20ന്  അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ യു ഐ ഡി എ ഐ ഇവര്‍ക്ക് നോട്ടീസ് അയച്ചു.

ഇന്ത്യന്‍ പൗരന്മാരല്ലാത്ത ഇവര്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് തെറ്റായ രീതിയില്‍ ആധാര്‍ കാര്‍ഡ് ഉണ്ടാക്കിയതായി ഹൈദരാബാദ് റീജിയണല്‍ ഓഫീസില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഹാജരാകാനോ രേഖകള്‍ സമര്‍പ്പിക്കാനോ തയ്യാറാകാത്ത പക്ഷം അവരുടെ ഇപ്പോഴത്തെ ആധാര്‍ നമ്പര്‍ നിര്‍ജ്ജീവമാക്കുമെന്നും ഫെബ്രവരി മൂന്നിന് അയച്ച നോട്ടീസില്‍ പറയുന്നു. എന്നാല്‍ പൗരത്വം തെളിയിക്കാന്‍ എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടതെന്ന് നോട്ടീസില്‍ പറയുന്നില്ല.

സംഭവം വിവാദമായതോടെ, ഹിയറിങ് മെയിലേക്ക് മാറ്റിവച്ചുവെന്ന് യു ഐ ഡി എ ഐ മറ്റൊരു നോട്ടീസില്‍ പറയുന്നു. പൗരത്വം തെളിയിക്കുന്നതിനാവശ്യമായ യഥാര്‍ത്ഥ രേഖകള്‍ ശേഖരിക്കാന്‍ ഇവര്‍ക്ക് സമയം നല്‍കാനാണ് ഹിയറിങ് മാറ്റിവച്ചത് എന്നാണ് അതോറിറ്റിയുടെ പുതിയ വിശദീകരണം.

2016 ലെ ആധാര്‍ നിയമപ്രകാരം ആധാര്‍ നമ്പര്‍ ഒരു പൗരന്റെ മേമേല്‍വിലാസവുമായാണ് ബന്ധപ്പെടുത്തിയിരിക്കുന്നത്,പൗരത്വവുമായല്ല. 182 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ച് വിദേശിയാണെങ്കില്‍ കൂടി അവര്‍ ആധാര്‍ നമ്പര്‍ ലഭിക്കാന്‍ അര്‍ഹരാണ്. അതുകൊണ്ട് തന്നെ യു ഐ ഡി എ ഐയുടെ ഏത് അതോറിറ്റിയാണ് പൗരത്വം തെളിയാക്കാന്‍ ആവശ്യപ്പെട്ടതെന്ന് നോട്ടീസ് ലഭിച്ചവരെ പ്രതിനിധീകരിക്കുന്ന അഭിഭാഷകന്‍ ചോദിച്ചു.തന്റെ കക്ഷികള്‍ സാധാരണ തൊഴിലാളികളാണെന്നും ഒരേ പ്രദേശത്ത് താമസിക്കുന്ന നിരക്ഷരരാണെന്നും അഭിഭാഷകന്‍ പറയുന്നു. ഒരേ സ്ഥാപനത്തില്‍ നിന്നാണ് ഇവര്‍ ആധാര്‍ കാര്‍ഡ് എടുത്തത്. തന്റെ കക്ഷികള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും രേഖകള്‍ സമര്‍പ്പിക്കാനുള്ള തിരക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com