ചുമരിൽ തലയിടിപ്പിച്ചു, കയ്യിൽ മുറിവേൽപ്പിക്കാനും ശ്രമം ; സ്വയം പരിക്കേൽപ്പിച്ച് നിർഭയ കേസ് പ്രതി വിനയ് ശർമ്മ

നിര്‍ഭയകേസിലെ നാലു പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്
ചുമരിൽ തലയിടിപ്പിച്ചു, കയ്യിൽ മുറിവേൽപ്പിക്കാനും ശ്രമം ; സ്വയം പരിക്കേൽപ്പിച്ച് നിർഭയ കേസ് പ്രതി വിനയ് ശർമ്മ

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷ കാത്തുകഴിയുന്ന പ്രതികളിലൊരാളായ വിനയ് ശര്‍മ ജയിലിനുള്ളില്‍ സ്വയം പരിക്കേല്‍പ്പിച്ചതായി റിപ്പോര്‍ട്ട്. സെല്ലിനുള്ളിലെ ചുമരില്‍ തലയിടിച്ചാണ് ഇയാള്‍ സ്വയം പരിക്കേല്‍പ്പിച്ചത്. ഇയാളുടെ പരിക്ക് നിസ്സാരമാണെന്നും, വേണ്ട ചികിൽസ നൽകിയതായും തീഹാർ ജയിൽ അധികൃതർ അറിയിച്ചു.  ഫെബ്രുവരി 16 നായിരുന്നു സംഭവം.

വിനയ് ശര്‍മ ജയിലിനുള്ളില്‍ നിരാഹാരസമരത്തിലാണെന്നും, ജയിലിനുള്ളില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് തലയ്ക്ക് പരിക്കേറ്റതായും ഇയാളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇയാള്‍ ഗുരുതര മാനസികരോഗത്തില്‍പ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ  വധശിക്ഷ നടപ്പാക്കരുതെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വിനയ് ശര്‍മയ്ക്ക് പ്രത്യേക നിരീക്ഷണമേര്‍പ്പെടുത്താന്‍ ജയില്‍ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.

നിര്‍ഭയകേസിലെ നാലു പ്രതികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിന് നടപ്പിലാക്കാനാണ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറ് മണിക്കാണ് ശിക്ഷ നടപ്പാക്കണമെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണയുടെ ഉത്തരവ്.  വധശിക്ഷ നടപ്പാക്കുന്നതിനായി മൂന്നാമത്തെ തവണയാണ് കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. ജനുവരി 17 നും ജനുവരി 31 നും നേരത്തെ മരണ വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും, പ്രതികൾ ദയാഹർജി നൽകിയതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com