വിനയ് ശർമ്മയ്ക്ക് മാനസികരോ​ഗമില്ല, അത് ഉത്കണ്ഠ മാത്രം ; ഹർജി കോടതി തള്ളി

വിനയ് ശർമ്മയ്ക്ക് ആവശ്യമായ ചികിൽസയും, മനശാസ്ത്രപരമായ സഹായവും നൽകിയിട്ടുണ്ടെന്നും ഡൽഹി പട്യാല കോടതി വിധിയിൽ വ്യക്തമാക്കി
വിനയ് ശർമ്മയ്ക്ക് മാനസികരോ​ഗമില്ല, അത് ഉത്കണ്ഠ മാത്രം ; ഹർജി കോടതി തള്ളി

ന്യൂഡല്‍ഹി : മാനസികരോ​ഗമുണ്ടെന്നും  ചികിൽസ ലഭ്യമാക്കാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് നിർഭയ കേസിലെ പ്രതി വിനയ് ശർമ്മ നൽകിയ ഹർജി ഡൽഹി കോടതി തള്ളി.  പ്രതിക്ക് മാനസികരോ​ഗമില്ലെന്നും, സാധാരണ ഉത്കണ്ഠ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.  വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന പ്രതിക്ക് സ്വാഭാവികമായി ഉണ്ടാകുന്ന വിഷാദം മാത്രമാണ് ഇതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇതിന് വിനയ് ശർമ്മയ്ക്ക് ആവശ്യമായ ചികിൽസയും, മനശാസ്ത്രപരമായ സഹായവും നൽകിയിട്ടുണ്ടെന്നും ഡൽഹി പട്യാല കോടതി വിധിയിൽ വ്യക്തമാക്കി. വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എ പി സിങാണ് കോടതിയെ സമീപിച്ചത്. വിനയ് ശര്‍മ്മയ്ക്ക് സ്‌കീസോഫ്രീനിയ ആണെന്നും, സ്വന്തം അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.  വിനയ് ശര്‍മയ്ക്ക് വിദഗ്ധ ചികിത്സ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജിയിൽ ഡല്‍ഹി കോടതി തീഹാര്‍ ജയില്‍ അധികൃതരോട് വിശദീകരണം തേടിയിരുന്നു. വിനയ് ശര്‍മ്മയ്ക്ക് മാനസിക രോഗമില്ലെന്നും, ഹര്‍ജിയിലേത് നുണകളുടെ കൂമ്പാരമാണെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. വിനയ് ശര്‍മ്മയെ ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് മാനസിക രോഗമില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മെഡിക്കല്‍ ഹിസ്റ്ററിയിലും അദ്ദേഹത്തിന് ഇത്തരത്തില്‍ പ്രശ്‌നമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു.

വിനയ് ശര്‍മ്മ അടുത്തിടെ ജയിലില്‍ നിന്നും രണ്ട് ഫോണ്‍ കോള്‍ ചെയ്തിരുന്നു. ഒന്ന് അമ്മയ്ക്കും മറ്റൊന്ന് അഭിഭാഷകനുമാണ്. അതുകൊണ്ടുതന്നെ വിനയ് ശര്‍മ്മയ്ക്ക് അമ്മയെ പോലും തിരിച്ചറിയാനാകുന്നില്ലെന്ന വാദം തെറ്റാണെന്ന് ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു. വിനയ് ശര്‍മ്മ സ്വന്തമായി സെല്ലിലെ ഭിത്തിയില്‍ തലയിടിച്ചാണ് പരിക്കുണ്ടാക്കിയത്. ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും ഇര്‍ഫാന്‍ അഹമ്മദ് പറഞ്ഞു. ദൃശ്യങ്ങളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഫെബ്രുവരി 16 ന് വിനയ് ശര്‍മ്മ ജയിലിലെ സെല്ലില്‍ തലയിടിച്ച് പരിക്കുണ്ടാക്കിയ സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ജയിൽ അധികൃതര്‍ സൂചിപ്പിച്ചു. നിര്‍ഭയ കേസിലെ പ്രതികളായ മുകേഷ് സിങ്, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരെ മാര്‍ച്ച് മൂന്നിന് രാവിലെ ആറുമണിയ്ക്ക് തൂക്കിലേറ്റാനാണ് ഡല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് കേസില്‍ മരണവാറണ്ട് പുറപ്പെടുവിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com