'വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ തത്കാലം കേസെടുക്കാനാവില്ല, സമാധാനന്തരീക്ഷത്തെ ബാധിക്കും'; ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

'വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ തത്കാലം കേസെടുക്കാനാവില്ല, സമാധാനന്തരീക്ഷത്തെ ബാധിക്കും'; ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

മൂന്നാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തെ കുറിച്ച് അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഡല്‍ഹി ഹൈക്കോടതി നീട്ടി. കലാപത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അനുകൂലമായ സാഹചര്യമല്ല എന്നത് ഉള്‍പ്പെടെയുളള സോളിസിറ്റര്‍ ജനറലിന്റെ വാദം കണക്കിലെടുത്താണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ഏപ്രില്‍ 13ലേക്ക് നീട്ടിയത്. കലാപവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനും മറ്റു ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതിനും കൂടുതല്‍ സമയം വേണമെന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യം കോടതി അനുവദിച്ചു. മൂന്നാഴ്ചയ്ക്കകം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

ഡല്‍ഹി കലാപം അന്വേഷിക്കണമെന്നും വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാവ് കപില്‍ മിശ്ര അടക്കമുളള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകനായ ഹര്‍ഷ്് മന്ദര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഡല്‍ഹി പൊലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സത്യവാങ്മൂലം സമര്‍പ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്ന് പൊലീസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. വിദ്വേഷപ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ ഉടന്‍ കേസെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ അത് സമാധാന അന്തരീക്ഷത്തിന് ഭംഗംവരുത്തും. കേസുകളെടുക്കുന്നത് ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനേ ഉപകരിക്കൂവെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 48 കേസുകള്‍ രജിസ്‌ററര്‍ ചെയ്തതായി ഡല്‍ഹി പൊലീസിന് വേണ്ടി അഭിഭാഷകന്‍ രാഹുല്‍ മേഹറ കോടതിയെ ധരിപ്പിച്ചു. ഇതെല്ലാം കണക്കിലെടുത്താണ് കോടതി വിധി. അതിനിടെ വിദ്വേഷ പ്രസംഗം നടത്തിയവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

രണ്ടോ മൂന്നോ വീഡിയോ ക്ലിപ്പുകള്‍ മാത്രമാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലും കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങള്‍ ഈ കാലഘട്ടത്തില്‍ ഡല്‍ഹിയില്‍ നടന്നിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പൊലീസിനെ സംബന്ധിച്ചിടത്തോളം ഒന്നോ രണ്ടോ പേര്‍ക്കെതിരെ മാത്രം കേസെടുക്കുക സാധ്യമല്ല. ഇക്കാര്യത്തില്‍ വിശദമായി അന്വേഷിച്ചതിന് ശേഷം മാത്രമേ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ഹര്‍ജിക്കാരുടെ വാദങ്ങള്‍ക്ക് മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കേസില്‍ കക്ഷിചേര്‍ക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് അഭ്യര്‍ഥിച്ചു. ആളുകള്‍ ദിവസവും മരിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കണമെന്നും ഹര്‍ഷ് മന്ദറിന് വേണ്ടി ഹാജരായ അഡ്വ.കോളിന്‍ ഗോണ്‍സാല്‍വെസ് ആവശ്യപ്പെട്ടു. എന്നാല്‍ സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥന സ്വീകരിച്ച് കേസ് ഏപ്രില്‍ 13 ലേക്ക് മാറ്റിവെക്കുകയായിരുന്നു. മാത്രമല്ല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ കക്ഷിചേര്‍ക്കാന്‍ കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com