എവിടെയും പോകുന്നില്ല; ഞങ്ങള്‍ സുരക്ഷിതരാണ്;  നെഹ്‌റു വിഹാറിലെ പതിനഞ്ചാം നമ്പര്‍ ഗലിയിലെ ഒരേയൊരു ഹിന്ദു കുടുംബം പറയുന്നു

ഡല്‍ഹിയിലെ തെരുവുകള്‍ കലാപത്തീയില്‍ ആളുമ്പോള്‍ മുസ്തഫാബാദിലെ നെഹ്‌റു വിഹാറില്‍ 15ാം നമ്പര്‍ ഗലിയിലെ റാം സേവക് ശര്‍മ്മയ്ക്ക് താമസിക്കുന്നിടം വിട്ട് സുരക്ഷിത താവളത്തിലേക്ക് പോകണമെന്ന് തോന്നിയതേയില്ല
എവിടെയും പോകുന്നില്ല; ഞങ്ങള്‍ സുരക്ഷിതരാണ്;  നെഹ്‌റു വിഹാറിലെ പതിനഞ്ചാം നമ്പര്‍ ഗലിയിലെ ഒരേയൊരു ഹിന്ദു കുടുംബം പറയുന്നു

ടക്കു കിഴക്കന്‍ ഡല്‍ഹിയിലെ തെരുവുകള്‍ കലാപത്തീയില്‍ ആളുമ്പോള്‍ മുസ്തഫാബാദിലെ നെഹ്‌റു വിഹാറില്‍ 15ാം നമ്പര്‍ ഗലിയിലെ റാം സേവക് ശര്‍മ്മയ്ക്ക് താമസിക്കുന്നിടം വിട്ട് സുരക്ഷിത താവളത്തിലേക്ക് പോകണമെന്ന് തോന്നിയതേയില്ല; കാരണം മതേതരത്വം എന്ന വാക്കിന്റെ അര്‍ത്ഥമറിയാവുന്ന കുറച്ചധികം അയല്‍ക്കാര്‍ അയാള്‍ക്ക് ചുറ്റുമുണ്ടായിരുന്നു. ഗലിയിലെ ഒരേയൊരു ഹിന്ദു കുടുംബമാണ് ശര്‍മ്മയുടേത്. 

മുസ്‌ലിം വിഭാഗത്തിന്  ഭൂരിപക്ഷമുള്ള പ്രദേശമാണ് മുസ്തഫാബാദ്. കലാപം ആളിപ്പടര്‍ന്നപ്പോള്‍ ഒരുതവണപോലും തനിക്കും തന്റെ കുടുംബത്തിനും മറ്റൊരിടത്തേക്ക് മാറണമെന്ന് തോന്നിയില്ലെന്ന് ശര്‍മ്മ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. 

35വര്‍ഷമായി ഒരിമിച്ചു കഴിയുന്ന, സങ്കടവും സ്‌നേഹവും പരസ്പരം പങ്കുവയ്ക്കുന്ന തങ്ങളുടെ സൗഹൃദത്തെ വര്‍ഗീയ വിഷം പുരട്ടി നശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ശര്‍മ വ്യക്തമാക്കുന്നു. 

മതഭ്രാന്തന്‍മാര്‍ തെരുവില്‍ അക്രമം അഴിച്ചുവിട്ടപ്പോള്‍ ശര്‍മ്മയുടെ വീട്ടിലെത്തിയ മുസ്‌ലിം അയല്‍പക്കക്കാര്‍ കുടുംബത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. 

'35വര്‍ഷമായി ഞങ്ങളിവിടെ ജീവിക്കുന്നു. ഹിന്ദു-മുസ്‌ലിം എന്ന് ഞങ്ങള്‍ ചിന്തിച്ചിട്ടേയില്ല. ഇതുവരെ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല. മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാണെന്ന്  തോന്നിയിട്ടേയില്ല. ഈ ഏരിയ മൊത്തത്തില്‍ എടുത്താല്‍ ആകെ മൂന്നോ നാലോ ഹിന്ദു കുടുംബങ്ങളെ ഇവിടുള്ളു'- ശര്‍മ്മ പറഞ്ഞു. 

'കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഞങ്ങളുടെ വീട്ടിലെത്തിയ അയല്‍പക്കക്കാര്‍ ഒരു പ്രശ്‌നവും സംഭവിക്കില്ലെന്ന് വാക്കുതന്നു. ഞങ്ങളോട് സമാധാനമായി ഉറങ്ങാന്‍ പറഞ്ഞ അവര്‍, വീടിന് കാവലിരിക്കുകയായിരുന്നു'- അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com