പാറ്റശല്യം സഹിക്കാന്‍ വയ്യാതെ പരാതിപ്പെട്ടു, അവഗണിച്ച് വിമാനക്കമ്പനി; 50,000 രൂപയും പലിശസഹിതം ടിക്കറ്റ് തുകയും നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവ്

സീറ്റിലെ പാറ്റശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരിലുളള യാത്രക്കാരുടെ പരാതിയില്‍ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്‌ക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്
പാറ്റശല്യം സഹിക്കാന്‍ വയ്യാതെ പരാതിപ്പെട്ടു, അവഗണിച്ച് വിമാനക്കമ്പനി; 50,000 രൂപയും പലിശസഹിതം ടിക്കറ്റ് തുകയും നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവ്

മുംബൈ: സീറ്റിലെ പാറ്റശല്യം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്തതിന്റെ പേരിലുളള യാത്രക്കാരുടെ പരാതിയില്‍ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്‌ക്കെതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ ഉത്തരവ്. കമ്പനിക്കെതിരെ പരാതി നല്‍കിയ രണ്ടു യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പുനെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. ഒന്‍പത് ശതമാനം പലിശയോടെ വിമാന ടിക്കറ്റ് തുക തിരികെ നല്‍കാനും, 50,000 രൂപ നഷ്ടപരിഹാരമായി നല്‍കാനുമാണ് ഫോറം വിധിച്ചത്.

2018 ഡിസംബര്‍ 31ന് പുനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് യാത്രക്കാരുടെ പരാതിയില്‍ പറയുന്നു. 8574 രൂപ നല്‍കിയാണ് സ്‌കന്ദ് അസീം ബാജ്പയും സുരഭി രാജീവ് ഭരദ്വാജും ടിക്കറ്റ് എടുത്തത്. യാത്ര ചെയ്യുമ്പോള്‍ പാറ്റയുടെ ശല്യം അനുഭവപ്പെട്ടതാണ് പരാതിക്ക് കാരണം. ഉടന്‍ തന്നെ വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടു. പുകയ്ക്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ സ്വീകരിച്ച് പാറ്റശല്യത്തിന് പരിഹാരം കാണണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം വിമാനത്തിലെ ജീവനക്കാര്‍ തളളിയതായി യാത്രക്കാരുടെ പരാതിയില്‍ പറയുന്നു.

വിമാനം ഇറങ്ങിയ ഇരുവരും ഇന്‍ഡിഗോ വിമാനത്തിന്റെ ഓഫീസില്‍ പരാതി നല്‍കി. പാറ്റയുടെ ചിത്രങ്ങള്‍ സഹിതമാണ് പരാതി നല്‍കിയത്. എന്നാല്‍ പ്രശ്‌നം കേള്‍ക്കാന്‍ പോലും തയ്യാറാവാതെ, ഉപഭോക്ത്യ ഫോറത്തെ സമീപിക്കാനാണ് അവര്‍ പറഞ്ഞതെന്ന് യാത്രക്കാരുടെ പരാതിയില്‍ പറയുന്നു. പാറ്റശല്യം ഒരു ഗൗരവപ്പെട്ട വിഷയമല്ല എന്നതായിരുന്നു പരാതിയിന്മേല്‍ ഇവരുടെ പ്രതികരണം. പാറ്റ കയ്യില്‍ കടിച്ചതായി യാത്രക്കാരന്‍ പറയുന്നു. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com