പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തു ; ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

ആക്രമിക്കപ്പെട്ട ഒരു രാജ്യത്തിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഇറാന്‍
പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനത്തു ; ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: ബഗ്ദാദില്‍ അമേരിക്ക വീണ്ടും വ്യോമാക്രമണം നടത്തിയതോടെ, പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനത്തു. മേഖലയില്‍ യുദ്ധഭീതി സജീവമായി. വെള്ളിയാഴ്ച ഇറാന്‍ സൈിക മേധാവി ഖാസിം സുലൈമാനിയെ വധിച്ച അമേരിക്ക, ഇന്നു പുലര്‍ച്ചെയും ബഗ്ദാദില്‍ വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ ഇറാന്‍ പൗരസേനയില്‍പ്പെട്ട ആറുപേര്‍ കൊല്ലപ്പെട്ടുു. നിരവധിപേര്‍ക്ക് പരിക്കേറ്റു.

സുലൈമാനിയുടെ വധത്തിന് ഉറപ്പായും തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട ഒരു രാജ്യത്തിന് സ്വയം പ്രതിരോധത്തിനുള്ള എല്ലാ അവകാശവുമുണ്ടെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി ഡോ. അലി ചെഗേനി വ്യക്തമാക്കി. മേഖലയില്‍ സംഘര്‍ഷം വീണ്ടും കനത്തതോടെ, തങ്ങളുടെ പൗരന്മാരോട് ഇറാഖ് വിടാന്‍ അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. പുതിയ സാഹചര്യത്തില്‍ ഇറാനിയന്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ മുന്‍കരുതല്‍ പാലിക്കുന്നതായാണ് റിപ്പോര്‍ട്ട്.

നിലവില്‍ വ്യോമപാതയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എയര്‍ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയില്‍നിന്ന് പോകുന്ന മിക്ക വിമാനങ്ങളും ഇറാനിയന്‍ വ്യോമപാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതില്‍തന്നെ എയര്‍ഇന്ത്യയാണ് ഈ വ്യോമപാതയിലൂടെ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനി.

ഇറാന്‍ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ യു എസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഇറാന്‍ ചാരസേനാ മേധാവി ഖാസെം സുലൈമാനി ഉള്‍പ്പെടെയുള്ളവരെ യുഎസ് സേന വധിച്ചത്. ഇന്നുപുലര്‍ച്ചെ വീണ്ടും നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പൗരസേനയിലെ ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com