ന്യൂഡല്‍ഹി: യുഎഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധികള്‍ ഇനി ഇന്ത്യയിലും നടപ്പാക്കാനാകും. ഇതു സംബന്ധിച്ച് കേന്ദ്രനിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള പ്രവാസികള്‍ നാട്ടിലെത്തിയാല്‍ യുഎഇയിലെ കോടതി വിധി ഇനി ഇന്ത്യയില്‍ നടപ്പാക്കും.
യുഎഇ കോടതികളുടെ വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികളുടെ വിധിയായി പരിഗണിച്ചായിരിക്കും വിധിനടപ്പാക്കുന്നത്. മുന്‍സിഫ് കോടതിയില്‍ കക്ഷികള്‍ എക്സിക്യൂഷന് പെറ്റീഷന് നല്കിയാല് യുഎഇയില്‍ പുറപ്പെടുവിച്ച വിധി നടപ്പിലാക്കാന്‍ തീരുമാനമാകും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍, കുടുംബകേസുകള്‍, ക്രെഡിറ്റ് കാര്‍ഡ്, ലോണ്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തുടങ്ങിയ കേസുകളുടെ വിധികള്‍ ഇന്ത്യയില്‍ നടപ്പാക്കുന്നതിനാണ് അനുമതി.
യുഎഇ ഫെഡറല്‍ സുപ്രീംകോടതി, അബുദാബി, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവിടങ്ങളിലെ ഫെഡറല്‍, ഫസ്റ്റ് ഇന്‍സ്റ്റന്‍സ്, അപ്പീല്‍ കോടതികള്‍, അബുദാബി നീതിന്യായ വകുപ്പ്, ദുബായ് കോടതി, റാസല്‍ഖൈമ നീതിന്യായ വകുപ്പ്, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ് കോടതി, ദുബായ് രാജ്യാന്തര സാമ്പത്തികകാര്യ കോടതി എന്നീ കോടതികളുടെ വിധികള്‍ ഇന്ത്യയില്‍ നടപ്പാക്കാനാകുമെന്നും നിയമ നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ