അന്ന് രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ധാരണയായിരുന്നു, തടഞ്ഞത് സോണിയ; വെളിപ്പെടുത്തല്‍

2014ല്‍ കോണ്‍ഗ്രസിനു വന്‍ തെരഞ്ഞെടുപ്പു തിരിച്ചടിയേറ്റതിനു രണ്ടു വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: 2014ല്‍ കോണ്‍ഗ്രസിനു വന്‍ തെരഞ്ഞെടുപ്പു തിരിച്ചടിയേറ്റതിനു രണ്ടു വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയാണ് അന്ന് ആ നീക്കത്തിനു തടയിട്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെഎച്ച് മുനിയപ്പയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മുമ്പാണ് കോണ്‍ഗ്രസ് നേതൃത്വത്തിലും സഖ്യകക്ഷികള്‍ക്കിടയിലും ഇത്തരമൊരു ആലോചന നടന്നത്. മന്‍മോഹന്‍ സിങ്ങിനെ മാറ്റി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയെന്നതായിരുന്നു ധാരണ. മന്‍മോഹന്‍ സിങ്ങിന്റെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അതൃപ്തി കൊണ്ടല്ല, മറിച്ച് തെരഞ്ഞെടുപ്പ് പുതിയ നേതൃത്വത്തിനു കീഴിലായാല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ അന്നത്തെ രാഷ്ട്രീയ സ്ഥിതിക്ക് അനുസരിച്ചായിരുന്നു ചര്‍ച്ചകള്‍. പുതിയ ഒരു നേതൃത്വത്തിനു കീഴില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നത് കാര്യങ്ങളില്‍ മാറ്റമുണ്ടാക്കുമെന്നാണ് ഭൂരിഭാഗം നേതാക്കളും അഭിപ്രായപ്പെട്ടത്. ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധി ഉള്‍പ്പെടെയുള്ള സഖ്യകക്ഷി നേതാക്കള്‍ അതിനോടു യോജിച്ചു. കരുണാനിധി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ഇക്കാര്യം സോണിയ ഗാന്ധിക്കു മുന്നില്‍ ്അവതരിപ്പിച്ചത്. എന്നാല്‍ സോണിയ നിര്‍ദേശം തള്ളുകയായിരുന്നുവെന്നാണ് മുനിയപ്പയുടെ വെളിപ്പെടുത്തല്‍. രാഹുല്‍ ഭരണനേതൃത്വം ഏറ്റെടുക്കുന്നതിനു സമയമായില്ലെന്നായിരുന്നു സോണിയ പറഞ്ഞത്.

അന്നു രാഹുല്‍ നേതൃത്വം ഏറ്റെടുത്തിരുന്നെങ്കില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിനു നേരിട്ടത്. 2019ലും സ്ഥിതി വലിയ തോതില്‍ മെച്ചപ്പെടുത്താന്‍ പാര്‍ട്ടിക്കായിട്ടില്ല. ഇതിനിടെ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത രാഹുല്‍, ഇത്തവണത്തെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനം ഒഴിയുകയും ചെയ്തു.

രാഹുല്‍ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാവുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെയാണ് മുനിയപ്പയുടെ വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്. പാര്‍ട്ടി നേതൃത്വം വീണ്ടും ഏറ്റെടുക്കുന്നതിനെക്കുറിച്ച് രാഹുല്‍ ഇതുവരെ മനസു തുറന്നിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com