പൗരത്വ നിയമ ഭേദഗതിക്കു സ്റ്റേ ഇല്ല, നടപടികള്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവില്ല; മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ച സമയം

ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടേക്കുമെന്ന ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ
പൗരത്വ നിയമ ഭേദഗതിക്കു സ്റ്റേ ഇല്ല, നടപടികള്‍ നിര്‍ത്തിവയ്ക്കാനും ഉത്തരവില്ല; മറുപടി നല്‍കാന്‍ കേന്ദ്രത്തിന് നാലാഴ്ച സമയം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ മറുപടി വാദം കേള്‍ക്കാതെ പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. നിയമ ഭേദഗതിയെ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നാലാഴ്ച സമയം അനുവദിച്ചു. നിയമത്തിനു സ്്‌റ്റേ ഇല്ലെങ്കില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ വാദവും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് അംഗീകരിച്ചില്ല. കേസ് അഞ്ച് അംഗം ഭരണഘടനാ ബെഞ്ചിനു വിടുമെന്ന് കോടതി സൂചിപ്പിച്ചു.

നിയമഭേദഗതി ചോദ്യം ചെയ്തു സമര്‍പ്പിച്ച 143 ഹര്‍ജികളില്‍ 60 ഹര്‍ജികളില്‍ മാത്രമേ കേന്ദ്രത്തിനു നോട്ടീസ് ലഭിച്ചിട്ടുള്ളുവെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ മറുപടി കേള്‍ക്കാതെ ഉത്തരവു പുറപ്പെടുവിക്കരുതെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. അഞ്ച് ആഴ്ചയ്ക്കു ശേഷം മൂന്നംഗ ബെഞ്ച് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
 
ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടേക്കുമെന്ന ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ സൂചിപ്പിച്ചു. കേസ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാണ് നല്ലതൈന്ന്, ഹര്‍ജികളുടെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. 

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍) പുതുക്കുന്നതിനുള്ള നടപടികള്‍ മൂന്നു മാസത്തേക്കു നിര്‍ത്തിവയ്ക്കാന്‍ മുസ്ലിം ലീഗിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഈ കാലയളവിനുള്ളില്‍ കോടതിക്ക് ഇക്കാര്യത്തില്‍ തീര്‍പ്പിലെത്താമെന്ന് സിബല്‍ പറഞ്ഞു. എന്‍പിആര്‍ നടപടികള്‍ ഏപ്രിലില്‍ തുടങ്ങുകയാണ്. അതിനു മുമ്പായി കോടതി ഇടപെടല്‍ വേണമെന്ന് സിബല്‍ പറഞ്ഞു.

പല സംസ്ഥാനങ്ങളും ഇതിനകം തന്നെ എന്‍പിആര്‍ നടപടികള്‍ തുടങ്ങിയതായി അഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനു മുമ്പുതന്നെ ഉത്തര്‍പ്രദേശില്‍ 40,000 പേരെയാണ് സംശയത്തിന്റെ മുനയില്‍ നിര്‍ത്തിയിരിക്കുന്നത്. അവര്‍ക്കു വോട്ടവകാശം നഷ്ടപ്പെടുന്ന അവസ്ഥയാണെന്ന് സിങ്വി പറഞ്ഞു. 

നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തെ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ എതിര്‍ത്തു. നടപടികള്‍ നിര്‍ത്തിവയ്ക്കുന്നത് സ്റ്റേക്കു തുല്യമാണ്. പ്രധാന എതിര്‍ കക്ഷിയായ കേന്ദ്ര സര്‍ക്കാരിനെ കേള്‍ക്കാതെ കോടതി ഉത്തരവുകള്‍ ഒന്നും പുറപ്പെടുവിക്കരുത്. കേസില്‍ കേന്ദ്രത്തിന്റെ സത്യവാങ്മൂലം ഉടന്‍ സമര്‍പ്പിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

അറുപതു ഹര്‍ജികളില്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് ലഭിച്ചിട്ടുള്ളത്. ശേഷിച്ച എണ്‍പതു ഹര്‍ജികളില്‍ മറുപടി തയാറാക്കാന്‍ നാലാഴ്ച കൂടി സമയം വേണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ഹര്‍ജികള്‍ അനുവദിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട അസമിന്റെ കേസുകള്‍ പ്രത്യേകം പരിഗണിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ വാദം കോടതി അംഗീകരിച്ചു. ഇതിനായി രണ്ടാഴ്ചയ്ക്കു ശേഷം വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞു.

പൗരത്വ നിയമ കേസ് പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതിയില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്കു മൂലമുള്ള പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ ന്യായാധിപരും അഭിഭാഷകരും ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com