ജെയ്റ്റലിക്കും സുഷമാ സ്വരാജിനും പത്മവിഭൂഷണ്‍, ശ്രീ എമ്മിനും മാധവമേനോനും പത്മഭൂഷണ്‍; അഞ്ചു മലയാളികള്‍ക്ക് പത്മശ്രീ

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരള തിളക്കം
ജെയ്റ്റലിക്കും സുഷമാ സ്വരാജിനും പത്മവിഭൂഷണ്‍, ശ്രീ എമ്മിനും മാധവമേനോനും പത്മഭൂഷണ്‍; അഞ്ചു മലയാളികള്‍ക്ക് പത്മശ്രീ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്‌കാരങ്ങളില്‍ കേരള തിളക്കം. അഞ്ച് പേര്‍ക്ക് പത്മശ്രീ ലഭിച്ചപ്പോള്‍, രണ്ടുപേരെ തേടി രാജ്യത്തെ  മൂന്നാമത്തെ പരമോന്നത ബഹുമതിയായ പത്മഭൂഷണ്‍ എത്തി. ആധ്യാത്മിക ചിന്തകന്‍ ശ്രീ എമ്മും നിയമ വിദഗ്ധന്‍ എന്‍ ആര്‍ മാധവമേനോനുമാണ് പത്മഭൂഷണ്‍ പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവന്നത്. മരണാനന്തര ബഹുമതിയായാണ് എന്‍ ആര്‍ മാധവമേനോന് പുരസ്‌കാരം ലഭിച്ചത്.കെ എസ് മണിലാല്‍, എന്‍ ചന്ദ്രശേഖരന്‍ നായര്‍, എം കെ കുഞ്ഞോള്‍, മൂഴിക്കല്‍ പങ്കജാക്ഷി, സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പത്മശ്രീ അവാര്‍ഡ് ലഭിച്ച മലയാളികള്‍.

ബോക്‌സിങ് താരം മേരി കോം, സ്വാമി വിശ്വേശ തീര്‍ഥ, അരുണ്‍ ജെയ്റ്റലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവരാണ് രാജ്യത്തെ രണ്ടാമത്തെ പരമോന്നത പുരസ്‌കാരമായ പത്മവിഭൂഷണ്‍ ലഭിച്ച പ്രമുഖര്‍. അരുണ്‍ ജെയ്റ്റലി, സുഷമാ സ്വരാജ്, ജോര്‍ജ് ഫെര്‍ണാണ്ടസ് എന്നിവര്‍ക്ക് മരണാനന്തരം ബഹുമതിയായാണ് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. ശ്രീ എം, മാധവമേനോന്‍ എന്നിവര്‍ക്ക് പുറമേ പി വി സിന്ധു, ആനന്ദ് മഹീന്ദ്ര, മനോഹര്‍ പരീക്കര്‍ അടക്കം 16 പേര്‍ക്കാണ് പത്മഭൂഷണ്‍. മനോഹര്‍ പരീക്കറിന് മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം.

116 പേര്‍ക്കാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. നോക്കുവിദ്യ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, കേരള ഹിന്ദി സാഹിത്യ അക്കാദമി സ്ഥാപകന്‍ എന്‍ ചന്ദ്രശേഖരന്‍ നായര്‍, അരുണാചലിലെ ഗ്രാമീണ വിദ്യാഭ്യാസ പ്രവര്‍ത്തകനായ സത്യനാരായണന്‍ മുണ്ടയൂര്‍, എസ്എസ്ടി സംരക്ഷണ സമിതി ചെയര്‍മാന്‍ എം കെ കുഞ്ഞോള്‍, ജൈവശാസ്ത്രജ്ഞന്‍ കെ എസ് മണിലാല്‍ എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍. ജഗദീഷ് ലാല്‍ അഹുജ( പഞ്ചാബ്), മുഹമ്മഷരീഫ് ( യുപി), ജാവേദ് അഹമ്മദ് ടക്( ജമ്മുകശ്മീര്‍) എന്നിവരും പത്മശ്രീ അവാര്‍ഡ് ലഭിച്ചവരാണ്.

അഞ്ച് നൂറ്റാണ്ടിനപ്പുറം പഴക്കമുള്ള കേരളത്തിന്റെ പരമ്പരാഗത കലയായ നോക്കുവിദ്യ പാവകളി സംരക്ഷിക്കുന്നതിന് നിര്‍ണായക പങ്കുവഹിച്ച കലാകാരിയാണ് മൂഴിക്കല്‍ പങ്കജാക്ഷി. കോട്ടയം സ്വദേശിനിയായ ഇവര്‍ എട്ടാംവയസ്സ് മുതല്‍ നാട്ടിലും വിദേശരാജ്യങ്ങളിലുമായി നോക്കുവിദ്യ പാവകളി അവതരിപ്പിച്ച് ഇതിന്റെ പ്രശസ്തി ലോകരാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ മുണ്ടയൂര്‍ കഴിഞ്ഞ നാലുദശാബ്ദ കാലമായി അരുണാചല്‍ പ്രദേശിലെ ഗ്രാമീണ മേഖലയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണ മേഖലയില്‍ വായനശാലകള്‍ ആരംഭിച്ചതിനുമാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com