ആരോഗ്യവകുപ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; ആശുപത്രിയില്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല; കര്‍ണാടകയില്‍ ആശുപത്രി പടിക്കലില്‍ 59കാരന് ദാരുണാന്ത്യം

ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇനിയും കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യവകുപ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; ആശുപത്രിയില്‍ പ്രവേശിക്കാന്‍ സമ്മതിച്ചില്ല; കര്‍ണാടകയില്‍ ആശുപത്രി പടിക്കലില്‍ 59കാരന് ദാരുണാന്ത്യം

ബെംഗളൂരു: ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ച കോവിഡ് ബാധിതന് ആശുപത്രി പടിക്കല്‍ ദാരുണാന്ത്യം. ബെംഗളൂരുവില്‍ തയ്യല്‍ക്കടക്കാരനായ 59കാരനാണ് വിക്ടോറിയ ആശുപത്രി അധികൃതര്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് മരിച്ചത്. സര്‍ക്കാര്‍ അധികൃതര്‍ തങ്ങള്‍ക്ക് വിവരമൊന്നും തന്നില്ലെന്ന് പറഞ്ഞാണ് ആശുപത്രി ഇദ്ദേഹത്തിന് അനുമതി നിഷേധിച്ചത്.

കടുത്ത ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ലാബില്‍ നടത്തിയ കോവിഡ് ടെസറ്റില്‍ ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചു.
കര്‍ണാടകയിലെ രീതി അനുസരിച്ച്, ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ നേരിട്ട് രോഗികളെ അറിയിക്കാറില്ല. പകരം വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യും. ശേഷം ആരോഗ്യപ്രവര്‍ത്തകര്‍ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

എന്നാല്‍ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് നിരവധി സ്വകാര്യ ആശുപത്രികളോട് പ്രവേശിക്കാന്‍ അനുമതി ചോദിച്ചെങ്കിലും ആരും സമ്മതിച്ചില്ല. രണ്ടുദിവസം ശ്രമിച്ചിട്ടും ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ സാധിക്കാതെ വന്നതോടെ, ഇയാള്‍ വീട്ടിലെ മുറിയില്‍ സ്വയം ക്വാറന്റൈനിലായി. മുറി അകത്തുനിന്ന് പൂട്ടുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ചയോടെ, ആരോഗ്യം കൂടുതല്‍ മോശമായി. ഫോണ്‍ വിളികള്‍ക്ക് മറുപടി ലഭിക്കാതെ വന്നതോടെ കുടുംബാഗംങ്ങള്‍ വാതില്‍ ചവിട്ടി പൊളിച്ചു. ബോധരഹിതനായി നിലത്ത് കിടക്കുന്നയാളെയാണ് ബന്ധുക്കള്‍ കണ്ടത്. തുടര്‍ന്ന് ആംബുലന്‍സിനെ വിളിച്ചെങ്കിലും മണിക്കൂറുകള്‍ കഴിഞ്ഞാണ് എത്തിയത്.

വിക്ടോറിയ ആശുപത്രിയില്‍ എത്തിയ ഇവരെ അകത്തു കയറാന്‍ സുരക്ഷാ ജീവനക്കാര്‍ സമ്മതിച്ചില്ല. അത്യാസന്ന നിലയിലാണെന്ന് പറഞ്ഞിട്ടും അകത്തു കയറ്റില്ലെന്ന് ഇവര്‍ പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു. രണ്ടുമണിയോടെ ഇദ്ദേഹം മരണത്തിന് കീഴടങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് 12.30വരെ മൃതശരീരം ആംബുലന്‍സില്‍ തന്നെ കിടത്തിയെന്നും ഇവര്‍ പറയുന്നു.

ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇനിയും കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ നേരിട്ട് നല്‍കാത്ത സര്‍ക്കാര്‍ നിലപാടിന്റെ ഇരയാണ് ഇദ്ദേഹം എന്ന് ബന്ധുക്കള്‍ കുറ്റപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com