തലച്ചോറിൽ വെടിയുണ്ടയുടെ ചീളുകൾ; മേട്ടുപ്പാളയത്ത് കാട്ടാന ചരിഞ്ഞ നിലയിൽ

തലച്ചോറിൽ വെടിയുണ്ടയുടെ ചീളുകൾ; മേട്ടുപ്പാളയത്ത് കാട്ടാന ചരിഞ്ഞ നിലയിൽ
തലച്ചോറിൽ വെടിയുണ്ടയുടെ ചീളുകൾ; മേട്ടുപ്പാളയത്ത് കാട്ടാന ചരിഞ്ഞ നിലയിൽ

ചെന്നൈ: മേട്ടുപ്പാളയത്ത് കാട്ടാനയെ വെടിയേറ്റു ചരിഞ്ഞ നിലയിൽ കണ്ടെത്തി. മേട്ടുപ്പാളയം റെയ്ഞ്ച് കണ്ടിയൂർ ബീറ്റ് ഐടിസി പമ്പ് ഹൗസിന് അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ചോളക്കാട്ടിലാണ് 20 വയസ് തോന്നിക്കുന്ന പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ പ്രദേശവാസികളാണ് വനപാലകരെ വിളിച്ച് വിവരം പറഞ്ഞത്. 

ആനയുടെ ഇടതു ചെവിയുടെ ഭാഗത്ത് രക്തം ഒഴുകിയ പാടുകൾ ഉണ്ടായിരുന്നു. തുമ്പിക്കൈയിൽ ചെറിയതായി കരിഞ്ഞ പാടുകളും ഉണ്ടായിരുന്നതായി ആദ്യഘട്ട പരിശോധനയിൽ വനപാലകർ കണ്ടെത്തി.

കോയമ്പത്തൂർ ജില്ലാ വനം വകുപ്പ് ഡോ. സുകുമാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ആനയ്ക്ക് വെടിയേറ്റിരിക്കാം എന്ന സംശയം ഉയർന്നത്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായപ്പോൾ ഇടത്തെ ചെവിക്കല്ല് തുളച്ച് തലച്ചോറിനകത്തു നിന്ന് വെടിയുണ്ടയുടെ ചീളുകളും കണ്ടെത്തി. രണ്ട് സെന്റീ മീറ്റർ ഉള്ള വെടിയുണ്ടയുടെ ഭാഗങ്ങൾ ആനയുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡിഎഫ്ഒ വെങ്കിടേശ്, എൻജിഒ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ. 

സ്ഥലം ഉടമകളായ തേക്കംപട്ടി രാമസ്വാമി, കൃഷ്ണസ്വാമി എന്നിവരെ വനം വകുപ്പ് റേഞ്ചർ സെൽവരാജ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണ്. തൊട്ടടുത്തുള്ള ഓടയിൽ തോക്ക് ഒളിപ്പിച്ചു വെച്ചതായി വനപാലകരുടെ ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചിട്ടുണ്ട്.

അതേസമയം മേട്ടുപ്പാളയത്തിന് അടുത്തുള്ള സിരുമുഖ ഫോറസ്റ്റ് റേഞ്ചിൽ 20 വയസ്സ് തോന്നിക്കുന്ന മറ്റൊരു പിടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി.  ഒരുമാസമായി പരിസര പ്രദേശത്തെ ഗ്രാമങ്ങളിലൂടെ നടന്നിരുന്ന ആനയാണ് ചരിഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെ ഗ്രാമത്തിലേക്കുള്ള മൺപാതയിൽ ആന കുഴഞ്ഞു വീഴുകയായിരുന്നു.

രണ്ട് ദിവസമായി പഴങ്ങളിൽ ധാതുക്കളും വിറ്റാമിനുകളും ചേർത്ത് നൽകിയിട്ടും ആനയുടെ നിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണ കാരണം വ്യക്തമാകൂവെന്ന് റെയ്ഞ്ചർ അറിയിച്ചു. ഇതേ ഫോറസ്റ്റ് റെയ്ഞ്ചിൽ തന്നെ എട്ട് വയസുള്ള കാട്ടുകൊമ്പൻ കുഴഞ്ഞു വീണ് ദിവസങ്ങളായി ചികിത്സയിൽ തുടരുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com