തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസെയെ എഡിബി വൈസ് പ്രസിഡന്റായി നിയമിച്ചു

നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്ത സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസെയെ എഡിബി വൈസ് പ്രസിഡന്റായി നിയമിച്ചു

ന്യൂഡല്‍ഹി : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസെയെ ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എഡിബി) വൈസ് പ്രസിഡന്റായി നിയമിച്ചു. നിലവിലെ വൈസ് പ്രസിഡന്റ് ദിവാകര്‍ ഗുപ്ത സ്ഥാനമൊഴിയുന്ന ഒഴിവിലാണ് നിയമനം. ദിവാകര്‍ ഗുപ്തയുടെ കാലാവധി ഓഗസ്റ്റ് 31 നാണ് കഴിയുന്നത്.

പ്രൈവറ്റ് സെക്ടര്‍ ഓപ്പറേഷന്‍സ് ആന്റ് പബ്ലിക്-പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് വിഭാഗം വൈസ് പ്രസിഡന്റായിട്ടാണ് അശോക് ലവാസെയെ നിയമിച്ചിട്ടുള്ളത്. പുതിയ പദവി ലവാസെ സ്വീകരിക്കുമോ എന്നതില്‍ വ്യക്തതയില്ല.

2018 ജനുവരി 23 നാണ് അശോക് ലവാസെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇനിയും രണ്ടു വര്‍ഷം കൂടി കാലാവധി ശേഷിക്കെയാണ് പുതിയ നിയമനം തേടിയെത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആകുന്നതിന് മുമ്പ് ലവാസെ, കേന്ദ്ര ധനമന്ത്രാലയം സെക്രട്ടറി അടക്കം വിവിധ വകുപ്പുകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ സതേണ്‍ ക്രോസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ ബിരുദധാരിയാണ് അശോക് ലവാസെ.

പ്രധാനമന്ത്രിക്കും ബിജെപി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്കുമെതിരെ ശക്തമായ നിലപാട് എടുത്തതോടെ കേന്ദ്രസര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നു ലവാസെ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച സംഭവത്തില്‍ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കുന്നതിനെ അശോക് ലവാസെ എതിര്‍ത്തിരുന്നു. ഇത് ബിജെപി നേതൃത്വത്തിന്റെ അതൃപ്തിയ്ക്ക് ഇടയാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com