65 കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ടില്ല, തല്‍ക്കാലം വേണ്ടെന്ന് വച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സ് കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട് സൗകര്യം അനുവദിക്കാനുള്ള തീരുമാനം തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
65 കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ടില്ല, തല്‍ക്കാലം വേണ്ടെന്ന് വച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 65 വയസ്സ് കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട് സൗകര്യം അനുവദിക്കാനുള്ള തീരുമാനം തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും സമീപഭാവിയിലെ ഉപതെരഞ്ഞെടുപ്പുകളിലും ഈ സൗകര്യം ഏര്‍പ്പെടുത്തേണ്ടതില്ലെന്നാണു തീരുമാനമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍, 80 വയസ്സു കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് പോസിറ്റീവ് ആയവര്‍ക്കും രോഗം സംശയിച്ച് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് സൗകര്യമുണ്ടാവും. വരുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇതിനായി വേണ്ട സംവിധാനം ഒരുക്കും. 65 കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട് ഏര്‍പ്പെടുത്തുന്നത് കമ്മീഷന്റെ ഏകപക്ഷീയ തീരുമാനമാണെന്നും പിന്‍വലിക്കണമെന്നും കോണ്‍ഗ്രസും സിപിഎമ്മും മറ്റും ആവശ്യപ്പെട്ടിരുന്നു.

65 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് പിടിപെട്ടാല്‍ മാരകമാകാനുളള സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ 65 വയസ്സ് കഴിഞ്ഞവരോട് റീവേഴ്‌സ് ക്വാറന്റൈനില്‍ പോകാനാണ് ആവശ്യപ്പെടുന്നത്. 65 വയസ്സ് കഴിഞ്ഞവര്‍ വീട്ടില്‍ത്തന്നെ കഴിയണമെന്ന് ആഭ്യന്തര മന്ത്രാലയ സെക്രട്ടറി ഇറക്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചതെന്ന് കമ്മീഷന്‍ ന്യായീകരിച്ചു. കമ്മീഷന്റെ ശുപാര്‍ശയനുസരിച്ച്, കഴിഞ്ഞ മാസം 19ന് നിയമമന്ത്രാലയം ചട്ടങ്ങള്‍ പരിഷ്‌കരിച്ച് വിജ്ഞാപനമിറക്കി. ചട്ടങ്ങള്‍ പരിഷ്‌കരിച്ചെങ്കിലും, അവ നടപ്പാക്കുന്നതിനെക്കുറിച്ച് ജനപ്രാതിനിധ്യ നിയമപ്രകാരം കമ്മീഷന്‍ വിജ്ഞാപനമിറക്കണം. പുതിയ സാഹചര്യത്തില്‍ അതുണ്ടാവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com