അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം: ഫണ്ട് പിരിവിന് രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

രാമക്ഷേത്ര നിര്‍മാണത്തിലൂടെ ഒരു പാര്‍ട്ടിമാത്രം നേട്ടം കൊയ്യാന്‍ ഇടവരരുത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം: ഫണ്ട് പിരിവിന് രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ

റാഞ്ചി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഫണ്ട് പിരിവിന് രാഹുല്‍ ഗാന്ധി മുന്നിട്ടിറങ്ങണമെന്ന് കോണ്‍്ഗ്രസ് എംഎല്‍എ. ജാര്‍ഖണ്ഡിലെ എംഎല്‍എ പ്രദീപ് യാദവ് ഇക്കാര്യം ആവശ്യപ്പെട്ട് രാഹുലിന് കത്തയച്ചു. മറ്റ് ഏതെങ്കിലും പാര്‍ട്ടിക്കാര്‍ ക്ഷേത്രനിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയാല്‍ അത് രാഷ്ട്രീയ മുതലെടുപ്പിന് കാരണമാകുമെന്നാണ് എംഎല്‍എ കത്തില്‍ പറയുന്നത്. 

രാമക്ഷേത്ര നിര്‍മാണത്തിലൂടെ ഒരു പാര്‍ട്ടിമാത്രം നേട്ടം കൊയ്യാന്‍ ഇടവരരുത്. അതിനാലാണ് രാജ്യത്തിന്റെ ഐക്യവും മതേതരത്വവും ശക്തിപ്പെടുത്താന്‍ ഉപകരിക്കുന്ന ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം പറയുന്നു. 

ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച  പ്രജാതാന്ത്രിക് ടിക്കറ്റിലാണ് പ്രദീപ് യാദവ് 2019 ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പിന്നീട് ജെ.വി.എം പി പാര്‍ട്ടി ബിജെപിയില്‍ ലയിച്ചതോടെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2006 ല്‍ ബിജെപി വിട്ട് ജെ.വി.എം പിയിലെത്തിയ നേതാവാണ് അദ്ദേഹം. ബിജെപിയുമായി മുമ്പുണ്ടായിരുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ല ഈ ആവശ്യം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കയച്ച കത്തിന്റെ പകര്‍പ്പുകള്‍ അദ്ദേഹം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ക്കും അയച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com